kozhikode local

സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കുന്നു

പൊന്നാനി: പൊന്നാനി താലൂക്കില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടു പോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേ നടപടി തുടങ്ങി. സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് പോകുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേയും ഹാന്റ് ബ്രേക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാത്ത മൂന്ന്്് സ്‌കൂള്‍ ബസിനെതിരെയും മതിയായ പ്രായോഗിക പരിശീലനമില്ലാത്ത ഒരു സ്‌കൂള്‍ ബസിനും മുമ്പിലത്തെ ഗ്ലാസ് ഇല്ലാതെ സര്‍വീസ് നടത്തിയ ഒരു സ്‌കൂള്‍ ബസിനെതിരെയുമാണ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്.
വാഹനങ്ങളില്‍ പരിധിക്കപ്പുറം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് പതിവുകാഴ്ചയാണ്. സ്‌കൂള്‍ ബസ്സുകളില്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കൊടുത്തുവെന്ന് അവകാശപ്പെടുന്ന മോട്ടോര്‍വാഹന വകുപ്പ് ഓട്ടോ ടാക്‌സികളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സ്ഥിതി കണ്ടില്ലെന്നു നടിക്കലാണ് ഇതുവരെ ചെയ്തിരുന്നത്.
പൊന്നാനിയിലെ മിക്ക വിദ്യാലയങ്ങളിലേയ്ക്കും ഓട്ടോകളിലും സ്‌കൂള്‍ വാഹനങ്ങളിലും കുട്ടികളെ കൊണ്ടുപോകുന്നത് കുത്തിനിറച്ചാണ്. എട്ടു പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന മിനി വാനില്‍ കുട്ടികളെ കുത്തിനിറക്കുകയാണ് പതിവ്. ഇതിനു പുറമെ തിങ്ങി ഇരിക്കുന്നതിനിടയിലേയ്ക്കു രണ്ട് കുട്ടികളെ കൂടി കയറ്റാന്‍ ശ്രമിക്കുന്നു. മൂന്നോ നാലോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷകളില്‍ 10 പേര്‍ വരെ യാത്ര ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു. ഓട്ടോറിക്ഷകളില്‍ പ്രത്യേക സീറ്റ് സ്ഥാപിച്ചാണ് ഇത്തരത്തില്‍ കുട്ടികളെ കുത്തി നിറയ്ക്കുന്നത്.
ഇത്തരം വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തി നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ട് ആഴ്ചകളായി. ക്രമാതീതമായി സ്—കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന പ്രവണത, വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍, യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍, മറ്റ് അനാരോഗ്യകരമായ പ്രവണതകള്‍ എന്നിവയുണ്ടെങ്കില്‍ കണ്ടെത്തി അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനാണ് നിര്‍ദേശം. പരിശോധന നടപടികള്‍ക്കായി ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 33, 34 (ബി) പ്രകാരം ജില്ലാ റീജിയണല്‍ ട്രാന്‍സ്—പോര്‍ട്ട്  ഓഫിസറെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായിരുന്നു.
ഇതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. പരിശോധനയ്ക്ക് പൊന്നാനി മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു ലിജിയന്‍സ്, എഎംവിഐ ശ്രീജേഷ്  നേതൃത്വം നല്‍കി. പരിശോധനയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്ക് സര്‍വിസ് നിര്‍ത്തിവയ്്ക്കാന്നുള്ള നോട്ടിസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it