thiruvananthapuram local

സ്‌കൂള്‍ ബസ് പരിശോധനയ്ക്ക് കലക്ടറുടെ കര്‍ശന നിര്‍ദ്ദേശം



തിരുവനന്തപുരം: സ്‌കൂള്‍ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പലരും ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ ക്ഷമതയടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സ്റ്റിക്കറുകള്‍ ഒട്ടിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. വകുപ്പിന്റെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവും.  തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്ര്യക സ്വാഡുകള്‍ പരിശോധന നടത്തുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ബസുകളുടെയും സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്ന മറ്റ് വാഹനങ്ങളുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നോഡല്‍ ഓഫീസറും പിടിഎ ഭാരവാഹിയും ആര്‍ ടി ഒ, നാര്‍ക്കോട്ടിക് സെല്‍, വിദ്യാഭ്യാസവകുപ്പ്, പോലിസ് എന്നിവരുടെ പ്രതിനിധികളുമടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് കുട്ടികളുടെ യാത്രാസുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തും. കുട്ടികള്‍ കയറുന്ന സ്ഥലം, സമയം, എണ്ണം എന്നിവ രേഖപ്പെടുത്തിയ ട്രിപ്പ് ഷീറ്റ് ഈ മാസം പതിനഞ്ചിനകം എല്ലാ സ്‌കൂളുകളും ആര്‍ടിഒ ഓഫീസുകളില്‍ ലഭ്യമാക്കണം. ഇതനുസരിച്ച് ട്രിപ്പുകളുടെ എണ്ണം ക്രമീകരിക്കും. കുട്ടികളെ ബസില്‍ നിര്‍ത്തി കൊണ്ടുപോവുന്ന രീതി അനുവദിക്കില്ല. പന്ത്രണ്ട് സീറ്റില്‍ കൂടുതലുള്ള വാഹനങ്ങളില്‍ ഒരു ഡോര്‍ അറ്റന്‍ഡറെ നിയമിക്കണം. സ്‌കൂള്‍ ബാഗുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം.  സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന സ്വകാര്യ സര്‍വീസുകള്‍ക്കും ഇത് ബാധകമായിരിക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ നാര്‍ക്കോട്ടിക് പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും പരിസരത്ത് അപകടകരമാം വിധം നില്‍ക്കുന്ന മരങ്ങളുടെ ശാഖകള്‍ മുറിച്ചു മാറ്റുന്നതിനും  യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ആര്‍ടിഒമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it