Flash News

സ്‌കൂള്‍ ബസ് ഡ്രൈവര്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസ് : പരാതി കെട്ടിച്ചമച്ചതെന്ന് പോലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി



കൊച്ചി: സ്‌കൂള്‍ ബസ് ഡ്രൈവര്‍ അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസ് പോലിസ് കെട്ടിച്ചമച്ചതാണെന്ന് പോലിസ് കംപ്ലയിന്റ്് അതോറിറ്റി വിധിച്ചു. കേസില്‍ ഇടക്കൊച്ചി സ്വദേശി കെ എസ് സുരേഷിനെ ഹാര്‍ബര്‍ പോലിസ് മര്‍ദിച്ചെന്ന പരാതി തീര്‍പ്പാക്കവെയാണ് പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കേസ് വ്യാജമാണെന്നു കണ്ടെത്തിയത്. പോലിസ് മര്‍ദനമേറ്റ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പരാതിക്കാരനു ജോലിക്കു പോവാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ നഷ്ടപരിഹാരമെന്ന നിലയില്‍ ആറാഴ്ചയ്ക്കുള്ളില്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. സംഭവം നടക്കുമ്പോള്‍ ഹാര്‍ബര്‍ പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐയായിരുന്ന ജോസഫ് സാജന്‍, അഡീഷനല്‍ എസ്‌ഐയായിരുന്ന പ്രകാശന്‍, കോണ്‍സ്റ്റബിളായിരുന്ന രാജീവന്‍ എന്നിവരില്‍നിന്ന് തുക ഈടാക്കണമെന്നും വിധി വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ 1നാണ് പോലിസ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുരേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടുന്ന ബസ്സില്‍ 80 സെക്കന്റ്‌കൊണ്ടു പരാതിക്കാര്‍ ഉന്നയിച്ച രീതിയിലുള്ള അതിക്രമം ഉണ്ടാവാന്‍ സാധ്യതയില്ലെന്നിരിക്കെ അതൊന്നും പരിശോധിക്കാതെയാണ് സുരേഷിനെ പോലിസ് പ്രതിചേര്‍ത്തത്. ചങ്ങമ്പുഴ പാര്‍ക്കില്‍നിന്നു മാമംഗലം വരെ എത്തുന്ന സമയംകൊണ്ടാണ് കുട്ടിയെ പീഡിപ്പിച്ചെന്നു പറയുന്നത്. ഇത്രയും ചെറിയ സമയംകൊണ്ട് ഓടുന്ന ബസ്സില്‍ പോലിസ് പറയുന്നതുപോലെയുള്ള കാര്യങ്ങള്‍ സാധിക്കില്ല. കുട്ടിയുടെ മൊഴി പോലിസ് മനപ്പൂര്‍വം എഴുതിച്ചേര്‍ത്തതാണെന്നും അതോറിറ്റി വിലയിരുത്തി. അതേസമയം പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ കുട്ടിയുടെ പിതാവും സുരേഷും തമ്മിലുണ്ടായ തര്‍ക്കമാണെന്നും അതോറിറ്റി കണ്ടെത്തി. സ്‌കൂള്‍ അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത സ്‌റ്റോപ്പില്‍ കുട്ടിയെ ഇറക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇതേത്തുടര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യാജമായി പരാതി നല്‍കി സുരേഷിനെ കസ്റ്റഡിയിലെടുത്തതെന്ന് കംപ്ലയിന്റ് അതോറിറ്റി നിരീക്ഷിച്ചു. കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. അച്ചടക്കനടപടിക്കു വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതൊഴിച്ചാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കൂടാതെ, ഒരു ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. കംപ്ലയിന്റ് അതോറിറ്റിയുടെ വിധികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തെ പോലിസ് വകുപ്പ് മനപ്പൂര്‍വം വീഴ്ചവരുത്തുന്നുണ്ടെന്ന് സിറ്റിങിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
Next Story

RELATED STORIES

Share it