സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പോലിസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 31നു മുമ്പായി പിടിഎ പ്രസിഡന്റുമാരുടെയും പ്രധാനാധ്യാപകരുടെയും ഡിഇഒമാരുടെയും യോഗം സബ്ഡിവിഷന്‍ തലത്തില്‍ വിളിച്ചുകൂട്ടാന്‍ പോലിസ് മേധാവിയുടെ നിര്‍ദേശം. എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തണമെന്നും ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്‌കൂളുകളില്‍ ഉടന്‍ തന്നെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പോലിസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്ന വാഹനങ്ങളില്‍ അനുവദിച്ചിരിക്കുന്ന സംഖ്യയിലും കൂടുതല്‍ കുട്ടികളെ കയറ്റാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രക്ഷകര്‍ത്താക്കള്‍, സ്‌കൂള്‍ അധികൃതര്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പിടിഎ പ്രസിഡന്റുമാരുടെയും പ്രധാനാധ്യാപകരുടെയും ഡിഇഒമാരുടെയും യോഗം സ്‌കൂള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളെക്കുറിച്ച് ചര്‍ച്ചചെയ്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം. യോഗത്തില്‍ സ്‌കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വിശദമായി ചര്‍ച്ചചെയ്യണം. പ്രസ്തുത യോഗത്തില്‍ അതത് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
1. സ്‌കൂള്‍ ബസ്സുകള്‍/വാഹനങ്ങളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് ഡിപിഐ മുമ്പു പുറത്തിറക്കിയ നിര്‍ദേശങ്ങളും സംസ്ഥാന പോലിസ് മേധാവി മുമ്പു നല്‍കിയ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടോയെന്നു കര്‍ശനമായി പരിശോധിക്കണം.
2. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കയറ്റാനായി വരിവരിയായി നിര്‍ത്തുന്നതിന് അധ്യാപകരുടെയും സ്റ്റുഡന്റ് പോലിസ് കാഡറ്റുകളുടെയും മറ്റും സഹായവും പങ്കാളിത്തവും ഉറപ്പുവരുത്തണം.
3. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്നതിനായുള്ള ബസ്സുകള്‍, മറ്റു വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.
4. റോഡ് മുറിച്ചു കടക്കുന്നതിന് പോലിസിന്റെയും സ്റ്റുഡന്റ് പോലിസ് കാഡറ്റുകളുടെയും സഹായം ഉറപ്പാക്കണം.
5. വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റു സ്വഭാവദൂഷ്യങ്ങള്‍ ഒന്നും ഇല്ലാത്തവരാണെന്നും ഉറപ്പുവരുത്തണം.
6. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്ന എല്ലാതരം വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ മദ്യപിച്ചല്ല വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഇടയ്ക്കിടെ നടത്തുന്ന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.
7. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പുവരുത്തണം.
8. മാലപൊട്ടിക്കല്‍ ശ്രമം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
9. എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു സ്‌കൂള്‍ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കാന്‍ നിര്‍ദേശം നല്‍കണം.
10. സ്റ്റുഡന്റ് പോലിസ് കാഡറ്റ്, എന്‍സിസി, എന്‍എസ്എസ് എന്നീ യൂനിറ്റുകളിലെ വിദ്യാര്‍ഥികളെ സുരക്ഷാക്രമീകരണത്തിലുള്ള വീഴ്ചകള്‍ കണ്ടെത്തുന്നതിനും ബോധവല്‍ക്കരണത്തിനും ഉപയോഗപ്പെടുത്താം.
11. സൈബര്‍ സുരക്ഷ, സ്വയംപരിശീലനം, രക്ഷിതാക്കള്‍ക്കുള്ള നിയമ ബോധവല്‍ക്കരണം എന്നിവയ്ക്ക് പോലിസ് ഉദ്യോഗസ്ഥരുടെയും ചൈല്‍ഡ് ഫ്രന്റ്‌ലി പോലിസ് സ്റ്റേഷനുകളുടെയും സഹായം തേടാന്‍ നിര്‍ദേശിക്കാം.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന പോലിസ് മേധാവിയും മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥരും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Next Story

RELATED STORIES

Share it