kannur local

സ്‌കൂള്‍ ബസ്സില്‍ ജിപിഎസ് സംവിധാനം



ഇരിട്ടി: വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും രക്ഷിതാക്കളുടെ കാത്തിരിപ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ട് സ്‌കൂള്‍ ബസുകളില്‍ പോലിസ് നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുന്ന ജിപിഎസ് മൊബൈല്‍ അലര്‍ട്ട് സംവിധാനം ജില്ലയില്‍ ആദ്യമായി കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ലോകം ആധുനികതയിലേക്ക് അതിവേഗം വളരുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രധാനമായും വിദ്യാര്‍ഥികള്‍ കരുതിയിരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറിയാല്‍ ജീവിതം തന്നെയാണ് നഷ്ടപ്പെടുന്നതെന്ന് ഓര്‍മിക്കണമെന്നും ഡിവൈഎസ്പി പറഞ്ഞു. ജിപിഎസും മൊബൈല്‍ അലര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തുക വഴി സ്‌കൂള്‍ വാഹനങ്ങള്‍ എവിടെയാണെന്ന് രക്ഷിതാക്കള്‍ക്കും പോലിസിനും അറിയാന്‍ കഴിയും. ഓരോ സ്‌റ്റോപ്പിലുമെത്തുന്ന വിവരം മൊബൈലില്‍ എസ്എംഎസായും ലഭിക്കും. ഇതുവഴി വാഹനങ്ങളുടെ വരവും പോക്കും മനസിലാക്കിതന്നെ കുട്ടികളെ കയറ്റുന്ന സ്ഥലത്ത് എത്തിക്കാനും കൂട്ടാനും രക്ഷിതാക്കള്‍ക്ക് കഴിയും. വാഹനങ്ങളുമായി ഘടിപ്പിച്ച ജിപിഎസ് സംവിധാനം പോലിസിനും ഒരേസമയം ലഭിക്കുമെന്നതിനാല്‍ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെല്‍മ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, എസ്‌ഐ പി സി സജ്ജയ്കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മഞ്ജു ജോര്‍ജ്, ലിജേഷ് കുന്നത്ത്, കെ പ്രജിത്ത്, ആല്‍ബര്‍ട്ട്, അഡ്‌ലിന്‍ ബാബു, അമിത്ത് മാത്യു, അലീന ജെയ്‌സന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it