kozhikode local

സ്‌കൂള്‍ പ്രവേശനോല്‍സവം ഇന്ന്‌



കോഴിക്കോട്: കളിചിരിയും പഠനവുമായി പുതിയൊരു അധ്യായന വര്‍ഷത്തിന് ഇന്നു തുടക്കം. കണ്ണഞ്ചിപ്പിക്കുന്ന പുത്തന്‍ ബാഗും കുടയും പുതുവസ്ത്രങ്ങളുമണിഞ്ഞ് പുത്തന്‍ പ്രതീക്ഷകളുമായാണ് കുരുന്നുകള്‍ ഇന്ന് പള്ളിക്കൂടങ്ങളിലെത്തുക. ഇവരെ സ്വീകരിക്കാനും മറ്റുമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലായിരുന്നു വിവിധ തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മാതൃ-രക്ഷാസമിതികളുമെല്ലാം. കുരുത്തോലയും വര്‍ണ്ണപ്പേപ്പറുകളാലുമാണ് മിക്ക സ്‌കൂളുകളിലെയും അലങ്കാരങ്ങള്‍. വേദിയും സദസും പ്രവേശനകവാടവും വഴികളുമെല്ലാം കുരുത്തോലകളും വര്‍ണ്ണ ബലുണുകളും തൂക്കി ആകര്‍ഷകമാക്കിയിട്ടുണ്ട്. പല സ്‌കൂളുകളുടെയും ചുവരുകളും ക്ലാസ്മുറികളും പെയിന്റടിച്ച് കുട്ടികളെ ആകര്‍ഷിക്കും വിധം മനോഹരമാക്കിയിട്ടുണ്ട്. പ്രവേശനോല്‍സവത്തോടനുബന്ധിച്ച് ഘോഷയാത്രയും പ്രത്യേക ചടങ്ങുകളും ജില്ലയിലെ വിവിധ സ്‌കൂളുകളിലായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്യും. പ്രവേശനോല്‍സവം പ്ലാസ്റ്റിക് രഹിതമാക്കാനും പല അധ്യാപക-രക്ഷാകര്‍തൃ സമിതികളും തീരുമാനിച്ചിട്ടുണ്ട്.  റവന്യൂ ജില്ലാ പ്രവേശനോല്‍സവം ഇന്ന് രാവിലെ 9ന് മണക്കാട് ഗവ. യു പി സ്‌കൂളില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. അഡ്വ. പിടിഎ റഹിം എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പി കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നവാഗതരെ സ്വീകരിക്കും. ജില്ലാ കലക്ടര്‍ യു വി ജോസ് പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. മുക്കം മുഹമ്മദ് യൂനിഫോം വിതരണോദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ എല്‍എസ്എസ് ജേതാക്കളെ അനുമോദിക്കും. വിദ്യാലയ വികസന രേഖ കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍ പ്രകാശനം ചെയ്യും. സ്‌കൂള്‍ ലോഗോ പ്രകാശനം, വൃക്ഷത്തൈ വിതരണം, മഷിപ്പേന വിതരണം തുടങ്ങി വിവിധ പരിപാടികളും ഇതോടനുബന്ധിച്ചുണ്ടാകും. വിവിധ സ്‌കൂളുകളുടെ നവീകരണത്തിനും പശ്ചാത്തല സൗകര്യങ്ങള്‍ക്കും മറ്റുമായി കോടികളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം ചെലവഴിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it