സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണം: കെജിഎംഒ

എതിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിനു പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരണമെന്നു കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.മീസില്‍സ്, റുബെല്ല കാംപയിനുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയ വഴി വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിച്ചതു പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തടയാന്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട അവസ്ഥയും ഗൗരവമായി കാണണം. നിഷ്‌കളങ്കരായ ജനങ്ങളില്‍ പടര്‍ത്തിയ വാക്‌സിന്‍ വിരുദ്ധത വരുംകാലങ്ങളില്‍ കൂടുതല്‍ രോഗാതുരത സൃഷ്ടിക്കും. ഈയടുത്ത കാലത്തു പ്രതിരോധ കുത്തിവയ്പുകള്‍ വഴി ഒരു പരിധി വരെ ഇല്ലാതാക്കിയെന്നു കരുതിയ അസുഖങ്ങള്‍ നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കു തിരിച്ചുവന്നതും ഡിഫ്ത്തീരിയ, ടെറ്റനസ് മരണങ്ങള്‍ ഉണ്ടായതും ആരോഗ്യരംഗത്തു ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ തന്നെ തകര്‍ക്കുന്ന ഈയൊരവസ്ഥയ്ക്കു പരിഹാരമായി സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം. വിവിധ രാജ്യങ്ങളില്‍ അതതു സ്ഥലത്തെ പ്രത്യേകതകള്‍ പരിഗണിച്ച് സ്‌കൂള്‍ പ്രവേശനത്തിനു വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി സ്‌കൂള്‍ പ്രവേശന അവസരത്തില്‍ കുട്ടികള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയിരിക്കണമെന്ന വ്യവസ്ഥ നടപ്പില്‍വരുത്താനുള്ള  ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it