സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു; ഫീസ് വാഗ്ദാനം ചെയ്ത് ജഡ്ജി

മുംബൈ: സ്‌കൂളില്‍ ഫീസടയ്ക്കാന്‍ കഴിവില്ലാത്ത വിദ്യാര്‍ഥിക്ക് സ്വന്തം കീശയില്‍ നിന്നു പണം വാഗ്ദാനം ചെയ്ത് ജഡ്ജി. ബോംബെ ഹൈക്കോടതി ജഡ്ജി വി എം കനാഡെയാണ് വിധവയായ സ്ത്രീയുടെ മകന് എല്‍കെജി ക്ലാസിലേക്കു പ്രവേശനത്തിന് ഫീസ് വാഗ്ദാനം ചെയ്തത്. 10,500 രൂപ ഫീസടയ്ക്കാനാവാത്തതിനാല്‍ കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ റീത്താ കനോജിയ കോടതിയെ സമീപിച്ചത്. ചെമ്പൂരിലെ ലോക്മാന്യ തിലക് ഹൈസ്‌കൂളിലായിരുന്നു അവര്‍ മകന്‍ കാര്‍ത്തികിന് പ്രവേശനത്തിനു ശ്രമിച്ചത്. ഫീസ് തവണകളായി അടയ്ക്കാന്‍ റീത്തയെ അനുവദിക്കണമെന്ന് കോടതി സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഫീസ് ഒന്നിച്ചടയ്ക്കാന്‍ റീത്തയ്ക്ക് കഴിവില്ലെന്നും ജഡ്ജി പറഞ്ഞു. ഫീസടയ്ക്കുന്നതില്‍ റീത്ത വീഴ്ചവരുത്തിയാല്‍ താന്‍ അടയ്ക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ജഡ്ജി കനാഡെ ഉറപ്പുനല്‍കി. കനാഡെയും ജഡ്ജി എം എസ് സോനയ്ക്കും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വീട്ടുജോലിക്കാരിയാണ് റീത്ത കനോജിയ. ഭര്‍ത്താവ് 2014 ജൂലൈയില്‍ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു. കെട്ടിട വികസന ഫണ്ടായ 19,500 രൂപ നല്‍കാന്‍ നിര്‍ബന്ധിക്കാതെ കാര്‍ത്തികിന് പ്രവേശനം നല്‍കാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമാണ് സ്‌കൂള്‍ 10,500 രൂപ ഫീസ് ആവശ്യപ്പെട്ടത്. തുക ഒരുമിച്ച് അടയ്ക്കാന്‍ കഴിവില്ലാത്ത റീത്ത ഫീസ് തവണകളായി അടയ്ക്കാന്‍ അനുവദിക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ റീത്തയുടെ അഭ്യര്‍ഥന സ്‌കൂള്‍ അധികൃതര്‍ നിരസിച്ചു. അവര്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് അധികൃതര്‍ തടയുകയും ചെയ്തു. റീത്തയുടെ ഹരജിയില്‍ നിലപാടറിയിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് 27ന് വീണ്ടും പരിഗണിക്കും..
Next Story

RELATED STORIES

Share it