സ്‌കൂള്‍ പാചകപ്പുരകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: സ്‌കൂളുകളിലെ പാചകപ്പുരകള്‍ക്ക് രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്ന് അധ്യയന വര്‍ഷാരംഭത്തില്‍ ഉറപ്പുവരുത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
എല്ലാ പാചകപ്പുരകളും ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസറും നൂണ്‍മീല്‍ ഓഫിസറും സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കണം.  പാചകപ്പുരകള്‍ക്ക് വൃത്തിയും വെടിപ്പും ആവശ്യമായ സ്ഥലസൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. ഇതിനായി അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ തദ്ദേശ ഫണ്ട് ഉപയോഗിച്ചോ സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ നടപടി സ്വീകരിക്കണം. പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും വെള്ളവും ശുചിയാണെന്നും പാചകത്തൊഴിലാളികള്‍ക്ക് ശാരീരികക്ഷമത ഉണ്ടെന്നും ഹെഡ്മാസ്റ്റര്‍ ഉറപ്പുവരുത്തണം.
തോന്നയ്ക്കല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കാനിടയായ കേസ് പരിഗണിക്കവേയാണ് കമ്മീഷന്‍ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ സ്‌കൂളിന് സംഭവസമയത്ത് ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനോ പാചകത്തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ പാചകസാധനങ്ങള്‍ക്ക് നിലവാരമോ ഉണ്ടായിരുന്നില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നിഗമനത്തിലെത്തിയത്.
Next Story

RELATED STORIES

Share it