സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ സത്യഗ്രഹം നടത്തും

കോട്ടയം: സര്‍ക്കാര്‍ വഞ്ചനയ്ക്കും അവഗണനയ്ക്കും എതിരേ സെക്രട്ടേറിയറ്റിന് മുമ്പില്‍ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ഈ മാസം 9, 10, 11 തിയ്യതികളില്‍ കലംകമിഴ്ത്തി സത്യഗ്രഹം നടത്തുമെന്നു നാഷനല്‍ സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സത്യഗ്രഹത്തിന്റെ ഉദ്ഘാടനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നിര്‍വഹിക്കും.
സ്‌കൂള്‍ പാചകത്തൊഴിലാളികളെ സ്‌കൂള്‍ ജീവനക്കാരായി അംഗീകരിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി വിജ്ഞാപനം ഉടന്‍ നടപ്പാക്കുക, ബജറ്റിലൂടെ പ്രഖ്യാപിത കൂലി കുടിശ്ശിക സഹിതം വിതരണം ചെയ്യുക, സ്‌കൂളുകളിലെ അടിമപ്പണി അവസാനിപ്പിക്കുക, തൊഴില്‍സ്ഥിരത ഉറപ്പാക്കുക, വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നു ദിവസം തുടര്‍ച്ചയായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തുന്നത്.
സര്‍വത്രികമായ ഇത്തരം അവഗണനകളുടെയും വഞ്ചനകളുടെയും പശ്ചാത്തലത്തില്‍ പാചകത്തൊഴിലാളികളുടെ ദുരിത ജീവിതം അധികാരികള്‍ക്കും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സമരത്തിന്റെ ലക്ഷ്യമെന്നും ഭാരാവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനതത്തില്‍ സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ കെ ജയറാം, നാഷനല്‍ സ്്കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വി പി വിന്‍സന്റ്, ജനറല്‍ സെക്രട്ടറി ആലീസ് തങ്കച്ചന്‍, കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാബു കെ ജോര്‍ജ്്, സെക്രട്ടറി മിനി ബാബു സംബന്ധിച്ചു.
Next Story

RELATED STORIES

Share it