ernakulam local

സ്‌കൂള്‍ പരിസരത്തെ മയക്കുമരുന്ന് വില്‍പന കര്‍ശനമായി തടയണമെന്ന് ഐജി



കൊച്ചി: സ്‌കൂള്‍ പരിസരത്തെ മയക്കുമരുന്ന് വില്‍പ്പനയും പുകയില ഉല്‍പ്പന്നങ്ങളുടെ വ്യാപാരവും കര്‍ശനമായി തടയാന്‍ എറണാകുളം റേഞ്ച് ഐജി ഉത്തരവിട്ടു. സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങുന്നതിനുമുമ്പുള്ള തയ്യാറെടുപ്പുകള്‍ക്കായി നല്‍കിയ നിര്‍ദേശങ്ങളിലാണ് ഉത്തരവ്. വിദ്യാര്‍ഥി സുരക്ഷിത സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പോലിസ് മേധാവികളും മറ്റ് പോലിസ് ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്നും ഐജി പി വിജയന്‍ നിര്‍ദേശിച്ചു.പ്രധാന നിര്‍ദേശങ്ങള്‍:  പെണ്‍കുട്ടികളോടും മറ്റുമുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയണം. റോഡ് അപകടങ്ങളുടെയും മഴക്കാലത്ത് ഉണ്ടായേക്കാവുന്ന മറ്റ്(മരം വീഴുന്നതുള്‍പ്പെടെ) അപകട സാധ്യത കുറയ്ക്കാന്‍ നടപടിയെടുക്കണം. പിടിച്ചുപറി മുതലായ കുറ്റകൃത്യങ്ങള്‍ തടയണം. ബസ് ജീവനക്കാരുടെയും മറ്റും സഭ്യമല്ലാത്തതായ പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കണം.31ന് മുമ്പ് സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റുമാര്‍, പ്രധാന അധ്യാപകര്‍, ഡിഇഒ എന്നിവരുടെ സബ്ഡിവിഷന്‍തല യോഗം ചേര്‍ന്ന് സ്‌കൂള്‍ പുനരാംരംഭ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യണം. സ്‌കൂളിന് അകത്തും പുറത്തുമുള്ള അപകട സാധ്യത കുറയ്ക്കാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ചര്‍ച്ച ചെയ്യണം. എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്‌കൂളുകളില്‍ ഉടന്‍തന്നെ ഗ്രൂപ്പ് രൂപീകരിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കയറുന്നതിന് കുട്ടികളെ വരിവരിയായി നിര്‍ത്തുന്നതിന് അധ്യാപകരുടെയും സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുടെയും മറ്റും സഹായം ഉറപ്പാക്കണം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും പോലിസിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കണമെന്നും ഐജിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it