kasaragod local

സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ

കാസര്‍കോട്: സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പന വീണ്ടും സജീവമാകുന്നു. കാസര്‍കോട്, ബേക്കല്‍സ്റ്റേഷന്‍ പരിധികളില്‍ ലഹരി ഉല്‍പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജില്ലയില്‍ ലഹരി മാഫിയുടെ പ്രവര്‍ത്തനം സജീവമായതോടെ പോലിസ് പരിശോധനയും കര്‍ശനമാക്കി. ജില്ലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌കൂള്‍-കോളജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും രഹസ്യമായി ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നുണ്ട്.
പോലിസിന്റെയും എക്‌സൈസിന്റെയും ശ്രദ്ധയില്‍ പെടാത്ത ഇ-സിഗരറ്റ് പോലുള്ളവയാണ് വില്‍പന നടത്തുന്നത്. പാന്‍മസാല, ഹുക്ക പോലുള്ളവയും സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പന നടത്തുന്നുണ്ട്, കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെ ഏജന്റുമാരാക്കിയാണ് വില്‍പന. കഴിഞ്ഞ മാര്‍ച്ചില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉദുമയില്‍ ഒരുകുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12 ക്വിന്റലോളം കഞ്ചാവാണ് പോലിസും എക്‌സൈസും പിടികൂടിയത്. ഇന്നലെ ചെമനാട് സ്‌കൂള്‍ പരിസരത്ത് നടന്ന മയക്കുമരുന്ന് വേട്ടയില്‍ ലഹരി ഉല്‍പന്നങ്ങളും ഹുക്കയും പിടികൂടി. കടയുടമയെ പോലിസ് അറസ്റ്റ് ചെയ്തു. കടയുടമ ചെമനാട് സ്വദേശി സഹീര്‍ അബ്ബാസി(38)നെ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. ചെമനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ ടൗണ്‍ എസ്‌ഐ പി അജിത്കുമാറും സംഘവും പിടികൂടിയത്.
ചെമനാട് സ്‌കൂള്‍ പരിസരത്ത് ഇന്നലെ ഉച്ചയോടെയാണ് പോലിസ് റെയ്ഡ് നടത്തിയത്. ഉദിനൂരില്‍ നിന്നും മഞ്ചേശ്വരത്തേക്ക് ജില്ലാ പോലിസ് മേധാവി നടത്തുന്ന ലഹരി വിരുദ്ധ സൈക്കിള്‍ യാത്രക്ക് സ്വീകരണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് കടയുടെ മറവില്‍ കുട്ടികള്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതായി കുട്ടികളില്‍ ചിലര്‍ ടൗണ്‍ എസ്‌ഐയെ രഹസ്യമായി അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന കടയില്‍ പോലിസ് റെയ്‌സ് നടത്തിയത്. കടയുടെ മുന്‍ഭാഗത്ത് വില്‍പനക്കായി തൂക്കിയിട്ട ഡിസ്‌പ്ലേ ബാഗിനകത്ത് രഹസ്യമായി സൂക്ഷിച്ച ലഹരി ഉല്‍പന്നങ്ങള്‍ പോലിസ് കണ്ടെടുക്കുകയായിരുന്നു.
15 ഗ്രാം വരുന്ന ചെറിയ കഞ്ചാവ് പാക്കറ്റുകള്‍, പാന്‍പരാഗ്, കഞ്ചാവ് നിറച്ച ശേഷം വലിക്കാന്‍ ഉപയോഗിക്കുന്ന ഒമ്പത് ഹുക്കകള്‍, ഹുക്കകത്ത് നിറക്കുന്ന സാധനങ്ങള്‍, ഇ-സിഗരറ്റുകള്‍, ലഹരി നുകരാന്‍ വിദേശത്തു നിന്നും കൊണ്ടുവന്ന അഞ്ച് പാക്കറ്റ് ബ്രെയിന്‍ ഫ്രീസറുകള്‍ തുടങ്ങിയവയാണ് പോലിസ് പിടിച്ചെടുത്തത്. ഇതിനിടെ ബേക്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വിദ്യാര്‍ഥിയുടെ കൈയില്‍ നിന്ന് ഹുക്കയും പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്ത് പിതാവ് ബേക്കല്‍ പോലിസിനെ ഏല്‍പ്പിച്ചു. ബേക്കലില്‍ തച്ചങ്ങാട് ഗവ. സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പോലിസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it