Alappuzha local

സ്‌കൂള്‍ കുട്ടികളെയും കയറ്റിവന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു

സ്വന്തം പ്രതിനിധി

എടത്വ: സ്‌കൂള്‍ കുട്ടികളെയും കയറ്റിവന്ന ഓട്ടോറിക്ഷ ഇടറോഡില്‍ നിന്നും പ്രധാന പാതയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറകോട്ട് ഉരുണ്ട് പത്തടിയിലേറെ താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ കുട്ടികള്‍ രക്ഷപ്പെട്ടു. തലവടി മുരിക്കോലിമുട്ട് ജങ്ഷനില്‍ ഇന്നലെ നാലരമണിയോടെ മുരിക്കോലിമുട്ട് തോട്ടിലായിരുന്നു അപകടം. തലവടി മോഡല്‍ യുപി സ്‌കൂളില്‍ നിന്നും 13 കുട്ടികളേയും കയറ്റി വന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് എതിര്‍ദിശയില്‍ താമസിക്കുന്നവരും പരിസരവാസികളും തോട്ടിലേക്ക് ചാടി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. ജലനിരപ്പ് താഴ്ന്ന അവസരമായതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകരുതെന്ന നിയമമുള്ളപ്പോഴാണ് 13 കുട്ടികളുമായി ഓട്ടോ അപകടത്തില്‍പ്പെട്ടത്. സ്ഥിരമായി ഒട്ടോ ഓടിച്ചിരുന്ന  ചുടുകാട്ടില്‍ പറമ്പില്‍ മനേഷ്‌കുമാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ സഹോദരന്‍ ഗിരീഷ് കുമാര്‍ ആണ് ഓട്ടോറിക്ഷ ഇന്നലെ ഓടിച്ചിരുന്നത്.  റോഡിലേക്ക് കയറുന്ന സ്ഥലം മെറ്റില്‍ ഇളകി തകര്‍ന്നു കിടക്കുന്നതും അമിതഭാരവുമാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനു മുന്‍പും ഇതേ സ്ഥലത്ത് അഞ്ചോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഏതാനും വര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് എടത്വയിലൊരു സ്‌കൂളില്‍ നിന്നും കുട്ടികളുമായി എത്തിയ വാന്‍ പുറകോട്ട് എടുക്കുന്നതിനിടയില്‍ തെന്നി തോട്ടിലേക്ക് വീണിരുന്നു. ഇതു കൂടാതെ മുന്‍പ് ഭാരം കയറ്റിവന്ന ലോറിയും ഇവിടെ തോട്ടിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്. വിനീത് ലക്ഷംവീട്, ബേബിച്ചന്‍ പനയ്ക്കാമുറ്റം, സന്തോഷ്, കലമധു മണമേല്‍ പറമ്പ്, പീതാംബരന്‍ അറുപതില്‍,  മുരളി, ലാല്‍കുമാര്‍, സി പി സൈജേഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അജിത് പിഷാരത്ത്, അഞ്ജുമരങ്ങാട്ട്, മണിദാസ് വാസു എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ രക്ഷപെടുത്തിയത്.
Next Story

RELATED STORIES

Share it