malappuram local

സ്‌കൂള്‍ ഏറ്റെടുക്കാന്‍ 63.89 ലക്ഷം അനുവദിച്ചു

കൊണ്ടോട്ടി: അടച്ചുപൂട്ടിയ പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവായി. 63,89,645 രൂപ മാനേജര്‍ ടി പി മൂനീറയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത്.
ഇതോടെ സ്‌കൂളിലെ കെട്ടിടമടക്കമുള്ള സ്ഥാവര-ജംഗമ വസ്തുക്കള്‍ സര്‍ക്കാറിന്റെതായി മാറും. സ്‌കൂള്‍ അടുത്ത ജൂണ്‍ മുതല്‍ സ്ഥിരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. സ്‌കൂളിന്റെ കെട്ടിടവും സ്ഥലവും കേരള എജ്യുക്കേഷന്‍ റൂള്‍ (കെഇആര്‍) അനുസരിച്ച് വിലനിശ്ചയിച്ച് മാനേജരില്‍ നിന്നു ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, അടച്ചുപൂട്ടിയ സ്‌കൂളിന് കെഇആര്‍ ബാധകമാവില്ലെന്നും നിലവില്‍ സ്വകാര്യ വസ്തുവായ കെട്ടിടവും സ്ഥലവും ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കണമെന്നുമുള്ള വാദവുമായി മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ വാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്ന് മാനേജര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാറിന് അനുകൂലമായിരുന്നു വിധി. ലാഭകരമല്ലെന്ന് ചൂണ്ടികാട്ടി മാനേജര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് 2016 ജൂണ്‍ ആറിന് സ്‌കൂള്‍ അടച്ചുപൂട്ടിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും സ്‌കൂളിന് സ്ഥിരം കെട്ടിടവും, അനുബന്ധ സൗകര്യവും ഒരുക്കാനായിരുന്നില്ല.
പുതിയേടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം മദ്രസയിലാണ് സ്‌കൂള്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it