സ്‌കൂള്‍ ഏകീകരണം: അധ്യാപക സംഘടനകള്‍ രംഗത്ത്

ടി എസ്  നിസാമുദ്ദീന്‍
ഇടുക്കി: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനുതകുന്ന സ്‌കൂള്‍ ഏകീകരണം അട്ടിമറിക്കാന്‍ അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്. നിലവില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പല പദവികളും നഷ്ടപ്പെടുമെന്നതും അധികാര ദുരുപയോഗത്തിനു കടിഞ്ഞാണ്‍ വീഴുമെന്നതുമാണ് അധ്യാപക സംഘടനാ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പുതിയ ഡയറക്ടറേറ്റ് രൂപീകരണത്തെ പരസ്യമായി എതിര്‍ത്താല്‍ പൊതുസമൂഹം പ്രതിഷേധവുമായി രംഗത്തുവരും. അതിനാല്‍ അധ്യാപകസംഘടനകളുടെ സ്വാധീനം ഉപയോഗിച്ച് ഏകീകരണം നടപ്പാക്കുന്നത് സാങ്കേതികമായി നീട്ടിക്കൊണ്ടുപോവുക എന്ന തന്ത്രമാണു പ്രയോഗിക്കുന്നത്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ് എന്നതിനാല്‍ സര്‍ക്കാരിനും ഒരുവിഭാഗം അധ്യാപകര്‍ക്കും ഡയറക്ടറേറ്റ് രൂപീകരണത്തില്‍ അതീവ താല്‍പര്യമാണുള്ളത്. ഏകീകരണം അട്ടിമറിക്കുന്നതിനു മുന്നോടിയായി ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ കരടു ശുപാര്‍ശകള്‍ ചോര്‍ത്തി അധ്യാപക സംഘടനാ നേതാക്കളുടെ വാട്്‌സ്ആപ്പ് കൂട്ടായ്മയില്‍ പ്രചരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്്തിരുന്നു. ഈ ചര്‍ച്ചകളിലാണ് സാങ്കേതികവും പ്രായോഗികവുമായ കാരണങ്ങള്‍ ഉന്നയിച്ച് ഏകീകരണപദ്ധതി നീട്ടിക്കൊണ്ടുപോവാമെന്ന ധാരണയായത്.
നിലവിലുള്ള പദവികള്‍ നഷ്ടപ്പെടുകയും ജോലി കൂടുകയും ചെയ്യുന്നതോടെ സ്‌കൂള്‍ ഏകീകരണം നേരിട്ടു ബാധിക്കുക അധ്യാപക സംഘടനാ നേതാക്കളെ തന്നെയാണ്. ഓരോ സ്‌കൂളുകളിലെയും അധ്യാപകരുടെ പഠനശൈലിയും കുട്ടികളുടെ നിലവാരവും വിലയിരുത്താന്‍ പഞ്ചായത്തുതല മോണിറ്ററിങ് സംവിധാനമുണ്ടാക്കണമെന്ന മുന്‍ എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. എം എ ഖാദര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയും ഇരുട്ടടിയായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് ഒപ്പിട്ടശേഷം ഓരോ ജില്ലയിലും മുങ്ങുന്നത് ഡസന്‍കണക്കിന് അധ്യാപകരാണ്. ഇവര്‍ക്കു പിടിവീഴും.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയും നേതൃത്വത്തില്‍ പല അക്കാദമിക, അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളിലും വടംവലിയും പരസ്പര സഹകരണമില്ലായ്മയും നിലനില്‍ക്കുന്നുണ്ട്. കലോല്‍സവങ്ങളിലടക്കം ഈ പോര് വിദ്യാര്‍ഥികളെയാണു ബാധിക്കുന്നത്. അതേപോലെ, മൂപ്പിളമ തര്‍ക്കം കാരണം ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപകര്‍ എഇഒമാരെ പരിഗണിക്കാതിരിക്കുന്ന സംഭവങ്ങളുമുണ്ട്. സര്‍വീസിലുള്ള അധ്യാപകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും മുന്‍നിര്‍ത്തി അധ്യാപകരെ വിവിധ ക്ലാസുകളിലേക്കു നിയമിക്കുക എന്ന ശുപാര്‍ശ നടപ്പാക്കിയാല്‍ പലരുടെയും സ്ഥാനം കയറുകയും ഇറങ്ങുകയും ചെയ്യും. സീനിയര്‍ അധ്യാപകര്‍ ആഴ്ചയില്‍ 24 പിരീയഡും ജൂനിയേഴ്‌സ് 14 പിരീയഡും ക്ലാസെടുക്കണമെന്ന മാനദണ്ഡവും അംഗീകരിക്കുക ബുദ്ധിമുട്ടാവും. ശമ്പളം വര്‍ധിക്കുമെങ്കിലും ജോലിയുടെ ഉത്തരവാദിത്തമാണ് അധ്യാപകരെ സ്‌കൂള്‍ ഏകീകരണം അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുന്നത്.
എതിര്‍പ്പുകള്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും തിരുവനന്തപുരത്ത് പുതിയ വിദ്യാഭ്യാസ ഡയറക്ടറേറ്റിനായി മാത്രം പ്രത്യേക കെട്ടിടം നിര്‍മിച്ച് എത്രയും വേഗം അവിടേക്കു പ്രവര്‍ത്തനം മാറ്റാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. എന്തു വിലകൊടുത്തും ഈ അധ്യയനവര്‍ഷാരംഭം തന്നെ സ്‌കൂള്‍ ഏകീകരണം നടപ്പാക്കുക എന്നതാണു ലക്ഷ്യം. ഇതിനു തുരങ്കംവയ്ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഭരണാനുകൂല അധ്യാപക സംഘടനയാണ് എന്നതു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുമുണ്ട്.
Next Story

RELATED STORIES

Share it