Pathanamthitta local

സ്‌കൂള്‍ അനുഭവങ്ങളും സന്ദര്‍ഭങ്ങളും രചനയായി; കുട്ടികള്‍ അച്ചടിച്ച മാസികയുമായി മികവുല്‍സവം

ഓമല്ലൂര്‍: ജെസിബി വന്നു,
മണ്ണ്  കോരി...
മണ്ണിര അടിയിലോട്ട് പോയി.
വീണ്ടും വന്നു ജെസിബി
മണ്ണിര പിടഞ്ഞു.
ഉച്ചത്തില്‍ കരഞ്ഞു മണ്ണിര .
ഇത് കണ്ട് എനിക്ക്
സങ്കടം വന്നു....!! ഇത് രണ്ടാം ക്ലാസ്സിലെ സ്‌നേഹയുടെ കഥ. ഇത്തരം ചെറുതും വലുതുമായ നാനൂറിലധികം രചനകള്‍. 65 മാസികകള്‍. എല്ലാവര്‍ക്കും അച്ചടിച്ചത് ഇന്‍ലാന്റ് രൂപത്തില്‍ ബഹുവര്‍ണത്തില്‍. അവധിക്കാലത്ത് ബന്ധുജനങ്ങള്‍ക്ക് വിലാസമെഴുതി അയക്കാന്‍ പാകത്തില്‍. സര്‍ഗാത്മക ചിന്തയില്‍ രൂപപ്പെട്ട രചനകള്‍ക്കാണ് പ്രാമുഖ്യം. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ് മുറിയില്‍ ഉണ്ടായവയും മാസികയുടെ ഉള്ളടക്കമായി. സ്‌കൂള്‍ അനുഭവങ്ങളും ജീവിത സന്ദര്‍ഭങ്ങളും മാസികകളുടെ വൈവിധ്യത്തിന് കാരണമായി. ഓരോ രചനയ്ക്കും ആവശ്യമായ ചിത്രങ്ങള്‍ രചയിതാവ് തന്നെ രൂപപ്പെടുത്തി.
മലയാളത്തിനൊപ്പം ഹിന്ദിയും ഇംഗ്ലീഷും കുട്ടികള്‍ രചനകള്‍ക്ക് മാധ്യമമാക്കി. പ്രീ-പ്രൈമറിയിലെ കുഞ്ഞുങ്ങള്‍ക്കുമുണ്ട് സ്വന്തമായി മാസിക. അവര്‍ പറഞ്ഞ കഥകളും അനുഭവങ്ങളും ഉള്ളടക്കമാക്കി.ബഹു വര്‍ണ്ണത്തില്‍ അച്ചടിച്ച് ഓരോരുത്തരുടെയും ഫോട്ടോയും ചേര്‍ന്നപ്പോള്‍ വിസ്മയിപ്പിക്കുന്ന സമ്മാനമായി രക്ഷിതാക്കള്‍ക്കും മാസിക.
ഓരോ കുട്ടിയേയും ഒരു യൂനിറ്റായി പരിഗണിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ എന്ന വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം അക്ഷരാര്‍ഥത്തില്‍ പാലിക്കുകയായിരുന്നു പന്ന്യാലി ഗവ. യുപി സ്‌കൂള്‍. അറുപത്തിയഞ്ച് മാസികകളുടെ പ്രദര്‍ശനവും പ്രകാശനവും സ്‌കൂള്‍ മികവുല്‍സവത്തിന്റെ ഭാഗമായി നടത്തി.ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗവും ജില്ലയിലെ മുതിര്‍ന്ന ലൈബ്രറി പ്രവര്‍ത്തകയുമായ കെ ആര്‍ സുശീല ടീച്ചര്‍മാസികകളുടെ പ്രകാശനം നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ രാജേഷ് എസ് വള്ളിക്കോട് കുട്ടികളുടെ രചനകള്‍ പരിചയപ്പെടുത്തി. അജികമാര്‍ സി സി, സൂസന്‍ എബ്രഹാം, പ്രശാന്ത് പി, സി കെ ശ്രീകല, ്രതിജയകുമാരി, ഇന്ദു മോള്‍, പാര്‍ഥിവ് പികീര്‍ത്തന അജയന്‍ സംസാരിച്ചു.
വിദ്യാലയ മികവിന്റെ ഭാഗമായി രൂപപ്പെടുത്തിയ അറുപത്തിയഞ്ച് ഇന്‍ലാന്റ് മാസികകളും വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ചുകൊടുത്തു. കുട്ടികളുടെ അവധിക്കാല സഹവാസ ക്യാംപില്‍ രചനകള്‍ വിലയിരുത്തി കട്ടികള്‍ക്ക് പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it