malappuram local

സ്‌കൂള്‍ അടച്ചുപൂട്ടിയ സംഭവം: പ്രതിഷേധം ശക്തം;ഇന്ന് സര്‍വകക്ഷിയോഗവും പഞ്ചായത്ത് അടിയന്തര ഭരണസമിതിയും

കൊണ്ടോട്ടി: മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എ ടി വി ഇബ്രാഹീം ഇന്ന് പുളിക്കലില്‍ സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് രണ്ടിന് പുളിക്കല്‍ പഞ്ചായത്ത് ഹാളിലാണ് യോഗം ചേരുക. സംഭവമായി ബന്ധപ്പെട്ട് പുളിക്കല്‍ പഞ്ചായത്ത് അടിയന്തര ഭരണസമിതിയോഗം ചേരുമെന്ന് പ്രസിഡന്റ് സുനീറ അബ്ദുള്‍ വഹാബ് പറഞ്ഞു. വിവിധ അധ്യാപക സംഘടനകളും നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. സര്‍ക്കാര്‍ അടിയന്തര നടപടി എടുത്ത് സ്‌കൂളിനെ സംരക്ഷിക്കണമെന്നാണ് ആവശ്യം. 1930ലാണ് മങ്ങാട്ടുമുറി സ്‌കൂള്‍ സ്ഥാപിതമായത്. തീര്‍ത്തും മലയോരപ്രദേശമായ ഒളവട്ടൂര്‍, മങ്ങാട്ടുമുറി മേഖലയിലെ സാധാരണക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂള്‍ കൂടിയാണിത്. 85 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്‌കൂളിനു 2009 ഓടെയാണ് അടച്ചുപൂട്ടല്‍ ഭീഷണി ഉണ്ടായത്. നിലവില്‍ സ്‌കൂളില്‍ 72 വിദ്യാര്‍ഥികളും അഞ്ചു അധ്യാപകരുമാണ് ഉള്ളത്. കഴിഞ്ഞദിവസം ഒന്നാംക്ലാസിലേക്ക് 18 കുട്ടികള്‍ ചേര്‍ന്നിരുന്നു. സ്‌കൂളിന്റെ മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പ്രൈമറി സ്‌കൂളുകളില്ലാത്തതിനാല്‍ സാധാരണക്കാരായരുടെ മക്കളാണ് ഇവിടെ വിദ്യതേടിയെത്തുന്നത്. സ്‌കൂള്‍ അടച്ചതോടെ ഇവരുടെ വിദ്യാഭ്യാസവും സ്‌കൂള്‍ അധ്യാപകരുടെ പുനര്‍നിയമനവിഷയത്തിലും സര്‍ക്കാരിനു തുടര്‍നടപടികളില്‍ തീരുമാനമെടുക്കേണ്ടിവരും. സ്‌കൂള്‍ ലാഭകരമല്ലെന്നു പറഞ്ഞാണ് അടച്ചുപൂട്ടാന്‍ സ്‌കൂള്‍ മാനേജര്‍ മുനീറ വിദ്യാഭ്യാസവകുപ്പിനു ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി തള്ളിയതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും രംഗത്തുവന്നതോടെ സ്‌കൂള്‍ അടച്ചുപൂട്ടാനായിരുന്നില്ല. രണ്ടു തവണ അടച്ചു പൂട്ടാനായി ശ്രമങ്ങള്‍ നടന്നെങ്കിലും നാട്ടുകാര്‍ ചെറുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടുറോഡില്‍ പ്രവേശനോല്‍സവം നടത്തിയാണ് നാട്ടുകാരും സ്‌കൂള്‍ അധികൃതരും പ്രതിഷേധിച്ചത്.  ഇന്നലെ അതീവ രഹസ്യമായാണ്  സ്‌കൂള്‍ അടച്ചുപൂട്ടാനായി കൊണ്ടോട്ടി എഇഒയുടെ നേതൃത്വത്തില്‍ സംഘമെത്തിയിരുന്നത്. പ്രതിഷേധക്കാര്‍ എത്തും മുമ്പ് സ്‌കൂളിന്റെ നിലവിലെ പൂട്ടുതകര്‍ത്ത് രേഖകള്‍ എടുക്കുകയായിരുന്നു. പിന്നീട് മറ്റൊരു പൂട്ടിട്ട് സ്‌കൂളിനു ‘ലോംഗ് ബെല്‍’ നല്‍കി. വന്‍ പോലിസ് സംഘം സ്‌കൂള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. പ്രതിഷേധിച്ച  എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയത് നീക്കി. പിഞ്ചുമക്കളും രക്ഷിതാക്കളും സ്‌കൂളിനുണ്ടായ ദുരന്തത്തില്‍ ക്ലാസ്മുറിയില്‍ ഇരുന്ന് ഉച്ചയോടെ കണ്ണീരോടെയാണ് മടങ്ങിയത്.
Next Story

RELATED STORIES

Share it