ernakulam local

സ്‌കൂള്‍പടി ത്രിവേണി റോഡില്‍ രണ്ട് സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടി

മൂവാറ്റുപുഴ: പായിപ്ര സ്‌കൂള്‍പടി ത്രിവേണി റോഡില്‍ സ്‌കൂളിന് പിറകിലും തച്ചുകുന്നേല്‍ പടിക്കു സമീപവും കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സമീപ കുടികളിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. തച്ചുകുന്നേല്‍പടിയില്‍ പൈപ്പ് പൊട്ടിയിട്ട് മൂന്നുമാസവും സ്‌കൂള്‍പടിക്കു പിറകില്‍ പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ചയും കഴിഞ്ഞങ്കിലും ഇതുവരെ വാട്ടര്‍ അതോററ്റിയിലെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.
ഇതേ തുടര്‍ന്ന് ഈ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയിലൂടെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്. ചെറുവട്ടൂര്‍ പായിപ്ര റോഡിലൂടെ പോവുന്ന മെയിന്‍ പൈപ്പില്‍നിന്നും പായിപ്ര സ്‌കൂള്‍ പടി ഭാഗത്തുനിന്ന് കണക്ട് ചെയ്താണ് തച്ചുകുന്നേല്‍ കോളനിയിലേക്കും മാനാറിയിലെ ചില ഉയര്‍ന്ന പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത്.
പൈപ്പ് പൊട്ടിയതോടെ വെള്ളത്തിന്റെ ഫോഴ്‌സ് കുറഞ്ഞതിനാല്‍ ഉയര്‍ന്ന പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ള കിട്ടാതായി. വാര്‍ഡ് മെംബര്‍ പി എസ് ഗോപകുമാര്‍ വാട്ടര്‍ അതോററ്റി അസി. എന്‍ജിനീയര്‍, അസി. എക്‌സി. എന്‍ജിനീയര്‍ എന്നിവരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഗോപകുമാര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറേയും വിവരം അറിയിച്ചതായി ഗോപകുമാര്‍ അറിയിച്ചു.
വിലകുറഞ്ഞതും ഈട് കുറഞ്ഞതുമായ പൈപ്പുകളായതിനാലാണ് അടിക്കടി പൊട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതു പരിഹരിക്കുവാന്‍ വേണ്ട ന—ടപടി യഥാസമയം വാട്ടര്‍ അതോറിറ്റി കൈ കൊള്ളുന്നില്ലെന്നതാണ് നാട്ടുകാരുടേ ആക്ഷേപം.
കുടിവെള്ളപൈപ്പ് പൊട്ടിയ സ്ഥലങ്ങളില്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തി കുടിവെള്ള വിതരണത്തിന് കൃത്യത ഉണ്ടാക്കണം. അറ്റകുറ്റപണി യഥാസമയം നടത്തിയില്ലെങ്കില്‍ പൈപ്പ് പൊട്ടിയ സ്ഥാനത്ത് വ്യാസം കൂടുന്നതോടെ പൈപ്പിനുള്ളിലേക്ക് മലിന ജലം കയറാനും സാധ്യത കൂടുതലാണ്. കുടിവെള്ള ലഭ്യത ഇല്ലാതാവുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുമെന്ന് വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥര്‍ ഓര്‍മിക്കണമെന്നും വാര്‍ഡ് മെംബര്‍ ഗോപകുമാര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it