ernakulam local

സ്‌കൂള്‍കുട്ടികളുടെ അപകടയാത്രയ്ക്ക് മുന്‍കരുതലായി ലൈഫ് ജാക്കറ്റ്



കാക്കനാട്: പെരുമ്പളം ദ്വീപിലെ മുക്കത്ത്കരി തുരുത്തില്‍ നിന്ന് വഞ്ചിയില്‍ പൂത്തോട്ടയിലെ സ്‌കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ലൈഫ് ജാക്കറ്റ് വിതരണം ചെയ്തു. പൂത്തോട്ട എസ്എന്‍ഡിപി സ്‌കൂള്‍, ലേക്ക്മൗണ്ട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന പത്തു കുട്ടികള്‍ക്കാണ് കലക്ടര്‍ ലൈഫ് ജാക്കറ്റ് നല്‍കിയത്. സ്‌കൂളിലേക്ക് വീട്ടുകാരുടെ കണ്‍മുന്നിലൂടെ യാത്ര ചെയ്തിരുന്ന കുട്ടികള്‍ ഇപ്പോള്‍ വളരെയധികം ദൂരം വഞ്ചിയില്‍ സഞ്ചരിച്ചാണ് സ്‌കൂളിലെത്തുന്നത്. നേരത്തേ യാത്ര ചെയ്തിരുന്ന വഴി വസ്തു ഉടമ അടച്ചുകെട്ടിയതിനെ തുടര്‍ന്നാണ് കുട്ടികളുടെ അപകട യാത്ര തുടങ്ങിയത്. വഴി അടച്ചുകെട്ടിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിനായി മുന്‍പ് ജില്ല കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കുട്ടികള്‍ കലക്ടറെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ കലക്ടര്‍ ലൈഫ് ജാക്കറ്റ് വിതരണം ചെയ്തത്. കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു വരുന്ന കമ്പിവേലിക്കകം ജെട്ടിയില്‍ വെച്ചാണ് ജാക്കറ്റുകള്‍ വിതരണം ചെയ്തത്. മഴയും കാറ്റും ശക്തമായതോടെ വേമ്പനാട്ട് കായലിലൂടെയുള്ള കുട്ടികളുടെ സ്‌കൂള്‍ യാത്ര അപകടം പിടിച്ചതായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ബാബു, കണയന്നൂര്‍ തഹസില്‍ദാര്‍ കലക്ടറോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it