സ്‌കൂളുകള്‍ നാളെ തുറക്കും; ഉദ്ഘാടനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. ഒന്നാംക്ലാസിലേക്കെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണു നടത്തുന്നത്. മുതിര്‍ന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മധുരവും ബലൂണും നല്‍കിയും പാട്ടുപാടിയും അക്ഷരകിരീടം അണിയിച്ചുമായിരിക്കും നവാഗതരെ സ്വീകരിക്കുക. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോല്‍സവം. നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
പിന്നണി ഗായകന്‍ പി ജയചന്ദ്രനാണ് പ്രവേശനോല്‍സവഗാനം ആലപിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. എസ്എസ്എ മീഡിയാവിഭാഗം നിര്‍മിച്ച ഗാനം മുതിര്‍ന്ന കുട്ടികള്‍ ആലപിച്ചാണ് കുരുന്നുകളെ വരവേല്‍ക്കുക. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടാവും. സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ തലങ്ങളിലും പ്രവേശനോല്‍സവം സംഘടിപ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. എസ്എസ്എയുടെ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ മേഖലയിലെ ഫണ്ടായിരിക്കും ഇതിനായി വിനിയോഗിക്കുക. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തകം, സ്‌കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, നവാഗതര്‍ക്കുള്ള പ്രവേശനകിറ്റ് തുടങ്ങിയവയുടെ വിതരണവും ഉണ്ടാവും.
എസ്എസ്എ പ്രൊജക്റ്റ് ഡയറക്ടര്‍ ജെസി ജോസഫ്, ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ എം രാജേഷ്, മീഡിയാ ഓഫിസര്‍ പി എസ് ഗീതാകുമാരി, സ്വാഗതസംഘം കണ്‍വീനര്‍ എ നജീബ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it