Flash News

സ്‌കൂളുകള്‍ ഇന്നു തുറക്കും; ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷം കുരുന്നുകള്‍

സ്‌കൂളുകള്‍ ഇന്നു തുറക്കും; ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷം  കുരുന്നുകള്‍
X
school-open തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും. നവാഗതരെ വരവേല്‍ക്കാന്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഒന്നാം ക്ലാസിലേക്കു പ്രവേശിക്കുന്ന കുഞ്ഞുങ്ങളെ മുതിര്‍ന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മധുരം നല്‍കിയും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും പ്രവേശനോല്‍സവം സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 11,764 സ്‌കൂളുകളിലായി 35 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തും. ഒന്നാം ക്ലാസിലേക്ക് മൂന്നുലക്ഷം കുരുന്നുകളെയാണു പ്രതീക്ഷിക്കുന്നത്. ജൂണ്‍ 15നകം മുഴുവന്‍ ക്ലാസുകളിലും പാഠപുസ്തകം പുതിയ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒന്നാം തിയ്യതി മുതല്‍ ഉച്ചഭക്ഷണവും നല്‍കും. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തകം, സ്‌കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, നവാഗതര്‍ക്കുള്ള പ്രവേശന കിറ്റ് തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്.
മുന്‍ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി 80 ശതമാനം പാഠപുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിച്ചതായി കെബിപിഎസ് അറിയിച്ചു. 30 ലക്ഷം പാഠപുസ്തകങ്ങളാണ് ഹബ്ബുകളിലുള്ളത്. ആറ്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങളാണ് വിതരണം ചെയ്യാനുള്ളതില്‍ ഭൂരിഭാഗവും. 15 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാനുണ്ട്. അച്ചടി തീരുന്നതിനനുസരിച്ച് ബയന്റിങും വിതരണവും നടത്തുകയാണ് കെബിപിഎസ്. ഇത്തവണ ഹൈസ്‌കൂള്‍ ക്ലാസുകളിലെ പുസ്തകമാണ് ആദ്യം അച്ചടിച്ചത്. ഐടി പുസ്തകത്തിന്റെ അച്ചടി അനുമതി വൈകി ലഭിച്ചതിനാല്‍ ഇവ ക്ലാസുകളിലെത്താന്‍ വൈകും.
Next Story

RELATED STORIES

Share it