kannur local

സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും എന്‍ഒസിയും നിര്‍ബന്ധം

ഇരിക്കൂര്‍: പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനുള്ള തത്രപ്പാടിലാണ് സ്‌കൂള്‍ മാനേജര്‍മാരും കമ്മിറ്റികളും. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും എന്‍ഒസിയും മുന്‍കൂട്ടി ലഭിച്ചിരിക്കണമെന്നാണ് വിദ്യാഭ്യാസ ചട്ടത്തിലെ നിര്‍ദേശം. സ്‌കൂളുകള്‍ തുറക്കുന്നതോടെ തന്നെ കാലവര്‍ഷവും വരുമ്പോള്‍ കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. വിദ്യാലയങ്ങള്‍ക്ക് സമീപത്ത് അപകടാവസ്ഥയിലുള്ള എല്ലാ മരങ്ങളും മുറിച്ചു മാറ്റണമെന്നും കര്‍ശന നിയമമുണ്ട്.
കഴിഞ്ഞകാലങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു മീതെ മരങ്ങള്‍ പൊട്ടിവീണ് കെട്ടിടം തകര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവങ്ങളുണ്ടായതോടെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷമേ സ്‌ക്കൂള്‍ തുറക്കാവു എന്ന നിയമം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി സ്‌ക്കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥിര പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവും ഗതാഗത വകുപ്പ് അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തവണ സ്‌കൂള്‍ ബസുകളുടെ വേഗതയും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നതും അപകടരഹിതയാത്ര ഉറപ്പാക്കാനും അത് അപ്പപ്പോള്‍ നിരീക്ഷിക്കാനും പുതിയ സംവിധാനമൊരുക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും പ്രവേശനോല്‍സവം മെച്ചപ്പെട്ട നിലയിലാക്കാനും ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിവരുന്ന നവാഗതരെ വരവേല്‍ക്കാനും മധുര പലഹാരങ്ങളും പഠനോപകരണങ്ങളും നല്‍കാനും പിടിഎകളും പഞ്ചായത്ത് അധികൃതരും രംഗത്തുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിദ്യാഭ്യാസ ഡയരക്ടറില്‍ നിന്നുള്ള സര്‍ക്കുലര്‍ പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പ്രഥമാധ്യാപകരുടെ യോഗം വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ അധ്യാപകരുടെ യോഗം വിളിച്ച് സര്‍ക്കുലര്‍ വായിച്ചറിയിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാംഘട്ട പുസ്തകങ്ങള്‍ നേരത്തേ വിതരണം പൂര്‍ത്തിയായി. യുനിഫോം വിതരണം മെയ് 30നകം പൂര്‍ത്തിയാവും. യുനിഫോമിനുള്ള പണം വിതരണം നടക്കുന്നേയുള്ളു.
മുന്‍ വര്‍ഷങ്ങളിലെല്ലാം സ്‌കൂളുകള്‍ തിങ്കളാഴ്ചയാണു തുറന്നിരുന്നതെങ്കില്‍ ഇത്തവണ ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയാണു തുറക്കുന്നത്. വെള്ളിയും ശനിയം പ്രവൃത്തി ദിവസമായിരിക്കും.
Next Story

RELATED STORIES

Share it