kannur local

സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ തീരുമാനം ഞെട്ടിപ്പിക്കുന്നതെന്ന്‌ ; പോലിസ്-സര്‍ക്കാര്‍ നടപടി അപഹാസ്യകരം: എസ്ഡിപിഐ

കണ്ണൂര്‍: ഗുജറാത്ത് വംശഹത്യയില്‍ നേതൃപരമായ പങ്ക് വഹിച്ച സംഘപരിവാര നേതാവ് നടത്തുന്ന യാത്രയ്ക്ക് ഇടതുസര്‍ക്കാരും പോലിസും നല്‍കുന്ന അതിരുകവിഞ്ഞ സഹായം അപഹാസ്യമാണെന്നു എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് പ്രസ്താവിച്ചു. കേരളത്തില്‍ ബിജെപിയും ആര്‍എസ്എസും കോഴ ഇടപാടിലൂടെയും കള്ളനോട്ടടി തുടങ്ങിയ രാജ്യവിരുദ്ധ നടപടികളിലൂടെയും കൂടുതല്‍ വികൃതമായ മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘര്‍ഷം സൃഷ്ടിക്കാനായി അമിത് ഷായുടെ നേതൃത്വത്തില്‍ യാത്ര നടത്തുന്നത്. ഇക്കാര്യം സുവ്യക്തമായിട്ടും യാത്ര സുഗമമായി നടത്താ ന്‍ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുകയാണു ഇടതുസര്‍ക്കാരും പോലിസും ചെയ്യുന്നത്. പയ്യന്നൂരില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും ജനത്തിരക്കേറിയ ബസ് സ്റ്റാന്റില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചും റോഡ് ഗതാഗതം പൂര്‍ണമായും ബിജെപിക്ക് വിട്ടുകൊടുത്തും സൗകര്യമൊരുക്കിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരള മുഖ്യമന്ത്രിയെ തടഞ്ഞ സംഘപരിവാരത്തിന്റെ നേതാവാണ് കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ പദയാത്ര നടത്തുന്നത്. കേരളം നാളിതുവരെയായി നേടിയെടുത്ത നവോഥാന മൂല്യങ്ങളെ പൂര്‍ണമായും തള്ളിപ്പറയുകയും അപഹസിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിനും നേതാവിനും വേണ്ടി ഇത്രയും തരംതാഴുന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് ഖേദകരമാണ്. സാധാരണയായി എന്തെങ്കിലും സംഘര്‍ഷ സാധ്യതയുണ്ടെങ്കില്‍ യാത്രയ്ക്കു നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തുന്നതിനു പകരം ജനങ്ങളെ ബന്ദിയാക്കിയാണ് ഇടതുസര്‍ക്കാര്‍ ബിജെപി യാത്രയ്ക്കു രാജപാതയൊരുക്കുന്നത്. ബംഗാളിലെ തൃണമൂല്‍ നേതാവിന്റെ ഇഛാശക്തി പോലും പ്രകടിപ്പിക്കാനാവാത്ത വിധം സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വരിഞ്ഞുമുറുക്കുന്ന എന്തു വാറോലയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയനെ ഭയപ്പെടുത്തുന്നതെന്ന് തുറന്നുപറയാന്‍ ഇനിയും വൈകരുതെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് വ്യക്തമാക്കി.
Next Story

RELATED STORIES

Share it