സ്‌കൂളുകള്‍ക്ക് അന്ത്യശാസനം; ശുചിമുറിയില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല: മന്ത്രി

തിരുവനന്തപുരം: മതിയായ ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്തവര്‍ഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കെട്ടിടങ്ങളുടെ സുരക്ഷിതത്വം മാത്രമല്ല, ശുചിമുറിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രമേ ഇനി സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. അല്ലാത്ത സ്‌കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി 90 ശതമാനം സ്‌കൂളുകളിലും മതിയായ ശുചിമുറികള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ചില സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഇപ്പോഴും ആവശ്യത്തിന് ശുചിമുറിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുതുതായി അധികാരത്തിലെത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോട് ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ അടിയന്തരമായി ശുചിമുറികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് അന്ത്യശാസനവും നല്‍കി. അടുത്തവര്‍ഷം ശുചിമുറിയോടെയായിരിക്കും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി ഉറപ്പുനല്‍കി.
സി-ആപ്റ്റ് എംഡിയെ വിദ്യാഭ്യാസമന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണം മന്ത്രി വീണ്ടും നിഷേധിച്ചു. എംഡിക്കെതിരായ ആരോപണം സംബന്ധിച്ച വിജിലന്‍സ് റിപോര്‍ട്ട് ആഭ്യന്തരവകുപ്പിനാണ് ലഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇതു സംബന്ധിച്ച് റിപോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ നടപടിയെടുക്കാനാവില്ല. ആഭ്യന്തരമന്ത്രി തന്നോട് ആലോചിച്ച ശേഷമാണ് എംഡിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ നടപ്പാക്കിയതെന്നും അബ്ദുറബ്ബ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയറിയാതെ എംഡിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി വിശദീകരിച്ചു.
50 കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ എന്ന നിലയ്ക്ക് 1:8 എന്ന അധ്യാപക- വിദ്യാര്‍ഥി അനുപാതത്തിലായിരിക്കും നിയമനമെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പീല്‍ പോവുന്നകാര്യം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it