kannur local

സ്‌കൂളുകളില്‍ പഠനോപകരണ വില്‍പന : വ്യാപാരികള്‍ പ്രതിഷേധത്തില്‍



ഇരിക്കൂര്‍: പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ വ്യാപാരോല്‍സവത്തിന്റെ തിരക്കിലാണ്. പഠനോപകരണങ്ങളും യൂനിഫോമുകളുംവിറ്റ് ലാഭമുണ്ടാക്കാനുള്ള തിരക്കിലാണ് സ്‌കൂള്‍ അധികൃതര്‍. വില്‍പനയ്ക്കായി യൂനിഫോമുകള്‍, ബെല്‍റ്റുകള്‍, ഷൂ, സോക്‌സ്, നോട്ട്ബുക്കുകള്‍, ബാഗുകള്‍, കുടകള്‍, മഴക്കോട്ടുകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ഉയര്‍ന്ന വിലയ്ക്കാണ് സ്‌കൂളുകളില്‍നിന്ന് വില്‍ക്കുന്നത്. എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ തുടങ്ങി എല്ലാ വിഭാഗം സ്‌കൂള്‍ അധികൃതരും നടത്തുന്നത് നേരിട്ടുള്ള കച്ചവടം. വിദ്യാലയം തുറന്നാലും ഇതിന്റെ ചാര്‍ജുള്ള അധ്യാപകരും ജീവനക്കാരും ക്ലാസില്‍ പോകാതെയും മറ്റു ജോലികള്‍ ചെയ്യാതെയും വില്‍പനയില്‍ തന്നെ മുഴുകുകയാണ്. സ്‌കൂളുകളില്‍ കച്ചവടം തുടങ്ങിയതോടെ പൊതുവിപണിയിലേക്ക് രക്ഷിതാക്കളും കുട്ടികളും തിരിഞ്ഞുനോക്കുന്നില്ല. ഇതുമൂലം വ്യാപാര മേഖല തകര്‍ച്ചയിലാണ്. പുതിയ അധ്യയനവര്‍ഷം കണക്കാക്കി വന്‍തോതില്‍ പഠനോപകരണങ്ങള്‍ സ്റ്റോക്ക് ചെയ്‌തെങ്കിലും അധികമാരും വാങ്ങാനെത്തുന്നില്ല. യൂനിഫോമുകളും പഠനോപകരണങ്ങളും വിദ്യാലയങ്ങളില്‍ വില്‍ക്കുന്നത് കര്‍ശനമായി നിരോധിക്കണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം.
Next Story

RELATED STORIES

Share it