Flash News

സ്‌കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌ : കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍



തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍. ബിജെപി സംസ്ഥാനസമിതി മുന്‍ അംഗവും പുളിമാത്ത് പഞ്ചായത്ത് അംഗവുമായിരുന്ന വാമനപുരം പുളിമാത്ത് ആറാന്താനം ചിറ്റോത്ത് വീട്ടില്‍ ശിവപ്രസാദ് (49), ഇദ്ദേഹത്തിന്റെ കാരേറ്റ് വിസ്മയ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനില്‍ രേഷ്മാ വിജയന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാമനപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ശിവപ്രസാദ്. കേസിലെ നാലാംപ്രതിയാണ് ഇയാള്‍. ഒന്നാംപ്രതി കംപ്യൂട്ടര്‍ സെന്ററിലെ മറ്റൊരു ജീവനക്കാരന്‍ പടികുളം അഭയംവീട്ടില്‍ അഭിജിത്ത് (22) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിയും സംഘത്തിന് വ്യാജ റബര്‍ സ്റ്റാമ്പുകള്‍ നിര്‍മിച്ചുനല്‍കുകയും ചെയ്ത കിളിമാനൂര്‍ സ്വദേശിയായ യുവാവ് കാസര്‍കോട്് ജില്ലയിലേക്കു കടന്നതായി പോലിസ് പറഞ്ഞു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അടുപ്പക്കാരനാണ് അറസ്റ്റിലായ ശിവപ്രസാദ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ കാരേറ്റില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നത്. കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ക്ലാര്‍ക്ക്, കംപ്യൂട്ടര്‍ ഓപറേറ്റര്‍ തുടങ്ങിയ തസ്തികകളുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവ് ചമച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. നിയമന ഉത്തരവു ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് ചേരാന്‍ ചെന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തട്ടിപ്പിനിരയായ കല്ലറ പഴയചന്ത മാടന്‍നട ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ അരുണി(23)ന്റെ പരാതിയില്‍ കേസെടുത്ത കിളിമാനൂര്‍ പോലിസ് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിയമനം നല്‍കാമെന്നു പറഞ്ഞാണ് ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പണം തട്ടിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിജിത്തിനെ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പില്‍ ശിവപ്രസാദിനുള്ള പങ്ക് പുറത്തായത്. കേസില്‍ മറ്റു ചില ബിജെപി നേതാക്കളുടെ പങ്കും  അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it