thiruvananthapuram local

സ്‌കൂളുകളിലെ ഷീപാഡ് പദ്ധതിയ്ക്ക് തുടക്കമായി



തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് ആശങ്കരഹിതമായ ആര്‍ത്തവദിനങ്ങള്‍ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതല്‍ 12-ാം  കഌസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകള്‍, സൂക്ഷിക്കുന്നതിന് അലമാരകള്‍, ഉപയോഗിച്ച പാഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനേറ്ററുകള്‍ എന്നിവ  വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്.  ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ  പ്രിന്‍സിപ്പല്‍ വി ശ്രീകലക്ക് ഇന്‍സിനേറ്റര്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.  കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തികച്ചും ശാസ്ത്രീയമായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.  പാഡുകളുടെ ലഭ്യതകുറവും ആര്‍ത്തവ ദിവസങ്ങളെകുറിച്ചുള്ള അമിതമായ ഉത്കണ്ഠയും കുട്ടികളില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരത്തില്‍ ചില സ്‌കൂളുകളില്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ചില പോരായ്മകളുണ്ടായിരുന്നതായി കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംസ്ഥാനത്തെ 144 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. തുടര്‍ന്ന് എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. സി കെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ എസ് സലീഖ, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസഡിന്റ് എല്‍ വി അജയകുമാര്‍, പഞ്ചായത്തംഗം ശ്രീകല, വനിതാവികസന കോപറേഷന്‍  ഡയറക്ടര്‍ ബിന്ദു , എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ ടി രാജശേഖര്‍ വനിതാവികസന കോര്‍പറേഷന്‍ മെംബര്‍മാരായ ഗീനാകുമാരി, അന്നമ്മ പൗലോസ്, ടി വി മാധവിയമ്മ സംബന്ധിച്ചു.
Next Story

RELATED STORIES

Share it