സ്‌കൂളുകളിലെ 'ഓള്‍പാസ്' ഒഴിവാക്കണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 'ഓള്‍പാസ്' ഒഴിവാക്കി വിദ്യാഭ്യാസനിലവാരം ഉയര്‍ത്തണമെന്ന് കേരളം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ റിപോര്‍ട്ടിലാണ് ഈ നിര്‍ദേശം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ നിരന്തര മൂല്യനിര്‍ണയവും അര്‍ഹരായ കുട്ടികള്‍ക്കു മാത്രം പ്രമോഷന്‍ നല്‍കുന്നതുമാണ് പോംവഴിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അര്‍ഹരായ വിദ്യാര്‍ഥികളെ മാത്രം അടുത്ത ക്ലാസുകളിലേക്ക് പ്രമോട്ട് ചെയ്യുന്ന രീതിയായിരുന്നു നേരത്തേ സംസ്ഥാനത്ത് നിലനിന്നിരുന്നത്. എന്നാല്‍, 1996ല്‍ ഡിപിഇപി സമ്പ്രദായം വന്നതോടെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉയര്‍ന്ന ക്ലാസുകളിലേക്ക് കടത്തിവിടുന്ന രീതി അവലംബിച്ചു. സര്‍വശിക്ഷാ അഭിയാന്‍ വന്നപ്പോഴും ഇതേ രീതി തുടര്‍ന്നു. എസ്എസ്എല്‍സിക്ക്‌പോലും വിജയശതമാനം ഉയര്‍ന്നതും വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തേടിയത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം താഴുന്നതിന്റെ കാരണങ്ങള്‍ പഠിക്കാന്‍ കാലാകാലങ്ങളില്‍ വിവിധ കമ്മിറ്റികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിറ്റികളില്‍ പലതും നിരന്തരമൂല്യ നിര്‍ണയത്തിനെ വിമര്‍ശിച്ചു.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് നിരന്തരമൂല്യനിര്‍ണയ സമ്പ്രദായം ശക്തിപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മിനിമം മാര്‍ക്ക് വാങ്ങാന്‍ കഴിയാത്ത വിദ്യാര്‍ഥിയെ ഒരുവര്‍ഷം തോല്‍പിക്കുന്നതില്‍ കുഴപ്പമില്ല. അധ്യയന നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായകരമാവും. കൃത്യമായ ഇടവേളകളിലുള്ള പരീക്ഷകളും മൂല്യനിര്‍ണയവും നടത്തുന്നതിലൂടെ കുട്ടികളുടെ പഠനനിലവാരം ശരിയായി മനസ്സിലാക്കാനാവൂം. എങ്ങിനെ പരീക്ഷ എഴുതിയാലും ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള പ്രവേശനം ഉറപ്പെന്ന സ്ഥിതി വരുന്നത് പരീക്ഷകളുടെ നിരന്തരമൂല്യനിര്‍ണയമെന്ന പ്രക്രിയയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.
നിലവിലെ പരീക്ഷാസമ്പ്രദായം ഏറ്റവും ദോഷകരമായി ബാധിച്ചത് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ പാവപ്പെട്ട കുട്ടികളെയാണ്. പഠനത്തില്‍ മോശമായ കുട്ടികളെ ടിസി നല്‍കി പറഞ്ഞയക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലില്ലാത്ത അണ്‍ എയ്ഡഡും അനംഗീകൃതവുമായ സ്‌കൂളുകളിലെ കുട്ടികളെ നിലവിലെ പരീക്ഷാസമ്പ്രദായത്തിന്റെയും മൂല്യനിര്‍ണയത്തിന്റെയും ദോഷവശങ്ങള്‍ ബാധിക്കുന്നില്ല.
അതേസമയം, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ പ്രധാന കാരണം പരീക്ഷാ സമ്പ്രദായത്തിലെ ഈ അനൗപചാരികതയാണ്. വിദ്യാഭ്യാസരംഗത്ത് ഒന്നാംനിരയില്‍ നിന്നിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലാണെന്ന് എയ്‌സര്‍ നടത്തിയ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേയിലും 2013ലെ എന്‍യുഇപിഎ റിപോര്‍ട്ടിലും വ്യക്തമാണ്.
എല്ലാവരെയും വിജയിപ്പിക്കുന്ന മൂല്യനിര്‍ണയ സമ്പ്രദായംതന്നെയാണ് നിലവാര തകര്‍ച്ചയ്ക്ക് കാരണമെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it