Flash News

സ്‌കൂളില്‍ പഠനഭാരം : വിദ്യാര്‍ഥികള്‍ക്കു പ്രതിഷേധം



ഹൈദരാബാദ്: തെലുങ്കാനയിലെ ചൈതന്യപുരിയില്‍ സ്വകാര്യ സ്‌കൂളില്‍ ദീര്‍ഘനേരം പഠനം നടത്തുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണു കഴിഞ്ഞദിവസം സ്‌കൂള്‍ പരിസരത്തു കുത്തിയിരിപ്പു സമരം നടത്തിയത്. സ്‌കൂള്‍ അധികൃതര്‍ കാലത്ത് 6.30 മുതല്‍ വൈകീട്ട് 6.30 വരെ പഠിപ്പിക്കുന്നതിനെതിരേയായിരുന്നു പ്രതിഷേധം. മറ്റുള്ള സ്‌കൂളുകളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് 4.30 വരെ പഠനം നടത്തുമ്പോള്‍ തങ്ങളുടെ സ്‌കൂളില്‍ 6.30 മുതല്‍ 6.30 വരെ ക്ലാസ് നടത്തുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ട്യൂഷന് പോവണം. കൂടാതെ ഗൃഹപാഠങ്ങളും ചെയ്യണം. വിദ്യാര്‍ഥികളുടെ പരാതികളടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാത്രി 10.30നും 11നു ഇടയില്‍ ഉറങ്ങുന്ന ഞങ്ങള്‍ രാവിലെ 5.30ന് എഴുന്നേല്‍ക്കണം. 6.30നു സ്‌കൂളിലെത്തേണ്ടതിനാല്‍ മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ക്കും ഇക്കാര്യം മനസ്സിലാവുന്നില്ലെന്നും വിദ്യാര്‍ഥി വീഡിയോയില്‍ പറയുന്നു. സ്‌കൂളിലെ സമയക്രമത്തില്‍ മാറ്റംവരുത്തണമെന്നാണു സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സ്‌കൂള്‍ അധികൃതര്‍ കുറ്റക്കാരാണെന്നു കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ ബലാല ഹക്കുള സംഘം ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ എല്ലാ നിയമങ്ങളും തെറ്റിക്കുകയാണെന്നും വിദ്യാര്‍ഥികളുടെ മേല്‍ പഠനം കെട്ടിവയ്ക്കുകയാണെന്നും സംഘത്തിന്റെ അധ്യക്ഷന്‍ അച്യുതറാവു ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ നിയമം തെറ്റിക്കുന്നതു ജില്ലാ കലക്ടര്‍ റംഗ റെഡ്ഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായും റാവു പറഞ്ഞു. അതേസമയം സ്‌കൂള്‍ സമയം 8.30 മുതല്‍ 4.30 വരെയാണ് എന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. കൂടാതെ അരമണിക്കൂര്‍ ഇടവേളയും പ്രവൃത്തിസമയത്തില്‍ ഗൃഹപാഠങ്ങള്‍ ചെയ്യാനും വിദ്യാര്‍ഥികളെ അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it