kannur local

സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപ് വെട്ടിച്ചുരുക്കി

കണ്ണൂര്‍: കരാത്തെ ക്ലാസെന്ന വ്യാജേന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം നടത്തുന്നുവെന്ന പത്രവാര്‍ത്തയെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഫലം കണ്ടു. ഏഴുദിവസത്തെ ക്യാംപ് മൂന്നാംദിവസം വെട്ടിച്ചുരുക്കി. തളിപ്പറമ്പിനു സമീപം തൃഛംബരം യുപി സ്‌കൂളിലെ പ്രാഥമിക സംഘശിക്ഷാ വര്‍ഗാണ് നിശ്ചിത ദിവസങ്ങള്‍ക്കു മുമ്പ് തന്നെ വെട്ടിച്ചുരുക്കിയത്. കരാത്തെ ക്ലാസെന്ന വ്യാജേന നടത്തിയ ആയുധപരിശീലനം ഉള്‍പ്പെടെയുള്ള ക്യാംപ് സംബന്ധിച്ച് തേജസ് ഇക്കഴിഞ്ഞ 25നു വാര്‍ത്ത നല്‍കിയിരുന്നു. സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന എയ്ഡഡ് സ്‌കൂളില്‍ ഇത്തരമൊരു പരിപാടി നടത്തുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എസ്ഡിപിഐ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി തളിപ്പറമ്പ് ഡിവൈഎസ്പിക്കു പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ്, കഴിഞ്ഞ ദിവസം ക്യാംപ് അവസാനിപ്പിച്ച് സംഘപരിവാരം തടിയൂരിയത്. ആര്‍എസ്എസ് ക്യാപിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതരും നിയമപാലകരും മൗനം പാലിക്കുന്നതിനെതിരേയാണ് പ്രതിഷേധമുയര്‍ന്നത്. ആര്‍എസ്എസിന്റെ പയ്യന്നൂര്‍ സംഘജില്ലയിലെ വര്‍ഗാണ് തളിപ്പറമ്പ് തൃഛംബരം യുപി സ്‌കൂളില്‍ സംഘടിപ്പിച്ചത്. സംശയം തോന്നാതിരിക്കാന്‍ സ്‌കൂള്‍ കവാടത്തില്‍ കരാത്തെ പരിശീലന ക്ലാസിന്റെ ബോര്‍ഡാണു സ്ഥാപിച്ചിരുന്നത്. ഇതു വാര്‍ത്തയാക്കിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. 13 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍ക്കാണ് ക്യാംപുകളില്‍ പരിശീലനം നല്‍കിയിരുന്നത്. പ്രതിഷേധ പ്രകടനം നടന്ന പിറ്റേന്ന് സ്‌കൂള്‍ കവാടത്തിലെ ബോര്‍ഡ് മാറ്റിയിരുന്നു. എന്നാല്‍ അന്നു രാത്രി പുറത്തുനിന്ന് വാതിലടച്ച ശേഷം കവാടത്തില്‍ വാഹനം നിര്‍ത്തിയിട്ടാണ് പരിപാടി നടത്തിയത്. പിറ്റേന്ന് രാവിലെ തന്നെ സംഘാടകര്‍ ഒരുക്കിയ വാഹനത്തില്‍ ക്യാംപിലുള്ളവരെയെല്ലാം മാറ്റുകയായിരുന്നു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗില്‍ കണ്ണൂര്‍ സംഘജില്ലയിലെ വര്‍ഗ് ഇരിട്ടി പുന്നാട് നിവേദിത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ക്യാംപ് നടക്കുന്നുണ്ട്. ഇത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളായതിനാല്‍ തളിപ്പറമ്പില്‍ നിന്നുള്ളവരെ ഇവിടേക്കാണ് മാറ്റിയതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഏതായാലും പ്രതിഷേധങ്ങള്‍ കാരണം ആര്‍എസ്എസ്് പ്രാഥമിക സംഘശിക്ഷാ വര്‍ഗ് വെട്ടിച്ചുരുക്കുന്നത് അപൂര്‍വസംഭവമാണ്. അതിനിടെ, ആര്‍എസ്എസ് സംഘശിക്ഷാവര്‍ഗ് എന്ന പേരില്‍ തൃച്ചംബരം യുപി സ്‌കൂളില്‍ നടത്തുന്ന ആയുധ പരിശീലനത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാംപസ് തളിപ്പറമ്പ്് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഇഓഫിസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഡിഇഒയ്ക്ക് കാംപസ് ഫ്രണ്ട് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it