Kollam Local

സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പീഡനശ്രമം; അധ്യാപകന്‍ പിടിയില്‍

കൊട്ടിയം: സ്‌കൂളില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയിലായി.

ലൈംഗിക ചുവയുള്ള സംഭാഷണം ചില കുട്ടികളോടു നിരന്തരം നടത്തി വന്ന കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന അധ്യാപകനെതിരേ പരാതി കിട്ടയതിനെ തുടര്‍ന്ന് ഇന്നലെ പോലിസ് കസ്റ്റഡിയിലെടുത്തു.
പഴയാറ്റിന്‍കുഴി വിമല ഹൃദയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ കുണ്ടറ പടപ്പക്കര സ്വദേശി ടിജോ (26) ആണ് പിടിയിലായത്. ഇയാള്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ചിലരോട് മോശമായാണ് പെരുമാറുതെന്ന് കുട്ടികളും രക്ഷാകര്‍ത്താക്കളും നേരത്തെ തന്നെ സ്‌കൂള്‍ അധികൃരോട് പരാതിപ്പെട്ടിരുന്നു. അധ്യാപകനായ ടിജോക്കെതിരേ കഴിഞ്ഞ ദിവസമാണ് ഏതാനും രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയത്. പെണ്‍കുട്ടികളെ സ്‌കൂളിലെ ലാബില്‍ വച്ച് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. പരാതി നല്‍കിയിട്ടും ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കുവാന്‍ വിമലഹൃദയ മാനേജ്‌മെന്റ് തയ്യാറാവാതിരുന്നതോടെ ഇന്നലെ രാവിലെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ സംഘടിച്ചെത്തി. അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിച്ചു.
സംഭവം വിവാദമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇരവിപുരം പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് നാട്ടുകാര്‍ ശാന്തരായത്. അതേ സമയം നാട്ടുകാരില്‍ ചിലര്‍ അധ്യാപകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷാവസ്ഥക്ക് കാരണമായി.
സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ സ്‌കൂളില്‍ നിന്നും അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കുട്ടികളോടുള്ള കുറ്റകൃത്യം കണക്കിലെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തെളിവെടുപ്പു നടത്തി.
കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി മാതാപിതാക്കളുടെയും കുട്ടികളുടെയും മൊഴി സിഡബ്ല്യുസി ചെയര്‍മാന്‍ സി ജെ ആന്റണി രേഖപ്പെടുത്തി. ഇരവിപുരം പോലിസ് കസ്റ്റഡിയിലുള്ള റ്റിജോയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് എസ്‌ഐ നിസാമുദ്ദീന്‍ പറഞ്ഞു.
അധ്യാപകന്റെ ഭാഗത്ത് നിന്ന് മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായും രക്ഷിതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it