Kollam Local

സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം; രണ്ട് വിദ്യാര്‍ഥികള്‍ പോലിസ് പിടിയില്‍

ഓയൂര്‍: പൂയപ്പള്ളി ഗവ.ഹൈസ്‌കൂളില്‍നിന്നും മോഷണം പോയ മൂന്ന് ലാപ്‌ടോപ്പുകളില്‍ ഒന്ന് പൂയപ്പള്ളി പോലിസ് കണ്ടെടുത്തു. രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. മോഷണത്തിലെ ദുരൂഹത നീങ്ങുന്നില്ല. 2015 നവംബര്‍ 23നാണ് മൂന്ന് ലാപ്‌ടോപ്പുകളും രണ്ടു ടാബുകളും മോഷണം പോയത്. സംഭവവുമായി ന്ധപ്പെട്ട് 16 വയസ്സുവീതമുള്ള രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികളാണ് പിടിയിലായത്.
കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ പിടിയിലായ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍നിന്നാണ് സ്‌കൂളില്‍ നിന്നും ഒരു ലാപ്‌ടോപ് മോഷ്ടിച്ചതായി വെളിപ്പെടുത്തിയത്. മോഷ്ടിച്ച കംപ്യൂട്ടര്‍ കൂട്ടുകാരന്റെ കൈവശം സൂക്ഷിക്കുകയായിരുന്നു.
വീട്ടുകാര്‍ എവിടെ നിന്നാണ് കംപ്യൂട്ടര്‍ എന്ന് തിരക്കിയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഓയൂരിലെ സ്‌കൈവേള്‍ഡ് മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വില്‍പനയ്ക്കായി കൊണ്ടുപോയി.
കടയുടമ പഴയ ബില്‍ ആവശ്യപ്പെട്ടു. ബില്‍ വീട്ടിലാണെന്നും ഇപ്പോള്‍ 1500രൂപ തരാനും ബാക്കി തുക ബില്‍ കൊണ്ടുവന്ന ശേഷം മതിയെന്ന് പറഞ്ഞ് കുട്ടികള്‍ മടങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ തിരികെ എത്തിയില്ല. പോലിസ് എത്തി കടയില്‍നിന്നും കംപ്യൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ അധ്യയനവര്‍ഷം കംപ്യൂട്ടര്‍ ക്ലാസിന്റെ സമീപത്തെ ഹാളില്‍വച്ച് തയ്യല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ദിവസം തുറന്ന് കിടന്ന കംപ്യൂട്ടര്‍ ലാബില്‍നിന്നും ലാപ്‌ടോപ്പ് എടുക്കുകയായിരുന്നുവെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു. ആദ്യം പിടിയിലായ ആളെ കഴിഞ്ഞദിവസവും ഇപ്പോള്‍ പിടിയിലായ ആളെ ഇന്നലെയും കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പൂയപ്പള്ളി ഹൈസ്‌കൂളില്‍ നിന്നും നാല് ലാപ്‌ടോപ്പുകളും രണ്ട് നെറ്റ്ബുക്കുകളുമാണ് മോഷണം പോയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം രണ്ടു പ്രാവശ്യമായി സ്‌കൂളിലെ ക്ലാസ് റൂമുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊന്നാണ് കഴിഞ്ഞദിവസം കണ്ടുകിട്ടിയത്.
ക്ലാസ് റൂമില്‍ കണ്ടുകിട്ടിയ ലാപ്‌ടോപ്പുകളെക്കുറിച്ച് പോലിസില്‍ വിവരം അറിയിക്കാതെ ചില ജീവനക്കാര്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. മോഷണം പോയ കംപ്യൂട്ടറുകളില്‍ തിരികെ കിട്ടിയ രണ്ടെണ്ണം വിദഗ്ദ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയില്‍ അയച്ചിരിക്കുകയാണ്.
പരിശോധനാ ഫലം വന്നെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് പൂയപ്പള്ളി എസ് ഐ ഫറോസ് അറിയിച്ചു.
Next Story

RELATED STORIES

Share it