wayanad local

സ്‌കൂളായി; മക്കിമലയില്‍ നാളെ പ്രവേശനോല്‍സവം

മാനന്തവാടി: തലപ്പുഴ മക്കിമലയിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ സ്‌കൂളൊരുങ്ങി. മക്കിമല സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടം കാലവര്‍ഷത്തെ തുടര്‍ന്ന് അപകടഭീഷണിയിലായതിനെ തുടര്‍ന്ന് അധ്യയനം മുടങ്ങിയ സാഹചര്യത്തിലാണ് പുതിയ സൗകര്യം ഒരുക്കിയത്. മക്കിമല മദ്‌റസയിലും വനസംരക്ഷണ സമിതിയുടെ കെട്ടിടത്തിലുമായാണ് പഠനസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്നു വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കും. നാളെയാണ് പ്രവേശനോല്‍സവം. നിലവിലെ സ്‌കൂള്‍ കെട്ടിടം സുരക്ഷിതമല്ലാതായതോടെ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും പിടിഎയും പകരം സൗകര്യമേര്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഇതോടെ സഹായങ്ങളുമായി നാട്ടുകാരും സംഘടനകളുമെത്തി. കെഎസ്ടിഎയും കുറിച്യര്‍മല എല്‍പി സ്‌കൂളിന്റെ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കിയ സംഘവും വയനാട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുമെല്ലാമെത്തിയതോടെ പുതിയ സ്‌കൂള്‍ പിറന്നു. കെട്ടിടങ്ങള്‍ പെയിന്റ് ചെയ്തും ചുവര്‍ചിത്രങ്ങള്‍ വരച്ചും മനോഹരമാക്കി. മറ്റു സൗകര്യങ്ങളും ഒരുക്കി. പ്രീ പ്രൈമറി ഉള്‍പ്പെടെ അഞ്ചു ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. മദ്‌റസയിലും വനസംരക്ഷണ സമിതി ഓഫിസിലും നിലവിലെ സ്‌കൂളിലെ ഓഫിസ് മുറിയിലുമായാണ് ഇപ്പോള്‍ ക്ലാസുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. മുഴുവനാളുകളും കൈകോര്‍ത്തപ്പോള്‍ മക്കിമല എല്‍പി സ്‌കൂള്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിക്കാനായി. വിദ്യാലയാന്തരീക്ഷത്തില്‍ തന്നെ കുട്ടികള്‍ക്ക് ഇവിടെ പഠനം തുടരാനാവും.
Next Story

RELATED STORIES

Share it