kozhikode local

സ്‌കൂട്ടര്‍ തട്ടിയെടുത്ത് പണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് വട്ടാംപൊയില്‍ മദീനാപള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്നുകളയുകയും അതിനകത്തെ രണ്ടേമുക്കാല് ലക്ഷത്തിലധികം രൂപ അപഹരിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പന്നിയങ്കര മരക്കാട്ട്‌നിലംപറമ്പ് കെന്‍സ്ഹൗസില്‍ ഗുലാ ഹാദിഖ് (18) ആണ് പിടിയിലായത്. അകന്ന ബന്ധു കൂടിയായ കുണ്ടുങ്ങല്‍ സ്വദേശി ജാഷിദ് റഹ്മാന്റെ സ്‌കൂട്ടറും പണവുമായി കടന്നുകളഞ്ഞ സംഭവത്തിലാണ് ശനിയാഴ്ച രാത്രി എട്ടുമണിയോടെ ഇയാള്‍ അറസ്റ്റിലായത്. ചെമ്മങ്ങാട് എസ്‌ഐ വി സീത, ഗ്രേഡ് എസ്‌ഐ മുഹമ്മദ് റാഫി, എഎസ്‌ഐമാരായ ശ്രീകുമാര്‍, രമേശ്, സിപിഒമാരായ ഉണ്ണികൃഷ്ണന്‍, രാജേഷ്, പ്രവീണ്‍, വനിതാ സിപിഒ ബിന്ദു എന്നിവരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു പ്ലൈവുഡ് ഷോപ്പിലെ മാനേജരായ ജാഷിദ് സ്‌കൂട്ടര്‍ നിര്‍ത്തി ജുമാ നിസ്‌കരിക്കുന്നതിന് പോയ സമയത്താണ് ഗുലാ ഹാദിഖ് സ്‌കൂട്ടറുമായി കടന്നത്. ബാങ്കില്‍ അടയ്ക്കുന്നതിനായുള്ള 2,77,000 രൂപ കവറിലാക്കി സ്‌കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്നു. സ്‌കൂട്ടര്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ ഉപേക്ഷിച്ച ശേഷം അതിനകത്തെ പണമെടുത്ത് ഗുലാ കടന്നുകളയുകയായിരുന്നു. പാര്‍ക്കിങ്ങ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഗുലായുടെ പങ്ക് പോലിസിന് വ്യക്തമായത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപഹരിച്ച പണം യുവാവില്‍ നിന്നും പിന്നീട് കണ്ടെടുത്തു.
Next Story

RELATED STORIES

Share it