palakkad local

സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍



കൊല്ലങ്കോട്: കൊടുവായൂര്‍ പ്രതാപ് നഗര്‍ രാജാമണിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഞായറാഴ്ച പുലര്‍ച്ച കത്തിച്ച സംഭവത്തില്‍ കൊടുവായൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. കൊടുവായൂര്‍ കര്‍ണ്ണകി നഗര്‍ സ്വദേശികളായ വാസുദേവന്‍ (22), ചാണ്ടി എന്ന അഖില്‍ (19), പ്രസാദ് (18), കുത്തിക്കിളി എന്ന ശ്രീജിത്ത് (23) എന്നിവരെയാണ് പുതുനഗരം പോലിസ് അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസ് പറഞ്ഞു. കൊടുവായൂര്‍ പ്രദേശത്ത് വ്യാപക അക്രമം ആസൂത്രണം ചെയ്യുന്നതിനും സിപിഎം-ബിജെപി എന്നിവരുടെ കൊടികള്‍ നശിപ്പിച്ച് ഇരു വിഭാഗങ്ങളെയും അക്രമത്തിന് പ്രേരിപ്പിക്കുന്ന സീനാദാന എന്ന അറുപതംഗം സംഘമുള്ള ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് പോലിസ് പറയുന്നു. കൊടുവായൂര്‍ സ്‌കൂളിന് മുന്നില്‍ രണ്ടു മാസം മുമ്പ് നടന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ സംഘമാണന്ന് പറയുന്നു. രാജാമണിയുടെ മകന്‍ സുഭാഷും സീനാദാന ഗ്രൂപ്പും തമ്മില്‍ രണ്ടു വര്‍ഷം മുമ്പ് തര്‍ക്കമുണ്ടായിരുന്നു. രാജാമണി ബിഎംസ് പ്രവര്‍ത്തകനാണ്. സംഭവത്തിന് പിന്നില്‍ എതിര്‍പാര്‍ട്ടിക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ വിവിധ ഭാഗങ്ങളിലെ സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്, കൊടികള്‍ തോരണങ്ങള്‍ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പുതുനഗരം പോലിസില്‍ സിപിഎം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പുതുനഗരം എസ്‌ഐ രമേഷ്, സിപിഒമാരായ മുഹമ്മദ് ഭൂബരി,  രമേഷ് എം രാമദാസ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. ചിറ്റൂര്‍ കോടതി മജിസ്‌ടേറ്റിന് മുന്നില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it