kozhikode local

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിന്റെ ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സ്‌കില്‍ ഡവലപ്‌മെന്റ സെന്ററിന്റെ നെയിം ബോര്‍ഡ് പിഴുതുമാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സിവില്‍ സ്റ്റേഷന് സമീപം പത്ത് വര്‍ഷമായി സെന്റര്‍ പ്രവര്‍ത്തിച്ച് വരികയാണ്.
പഴയ ഇടിഞ്ഞു പൊളിഞ്ഞ ആശ്വാസ കേന്ദ്രം 15ലക്ഷം മുടക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ മുന്‍ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുത്തതിനാല്‍ സ്‌കില്‍ സെന്ററിന്റെ നിലവിലെ ബോര്‍ഡ് മാറ്റി റോഡ് വീതി കണക്കാക്കി റിവൈന്‍ വാള്‍ കെട്ടിയതിന്റെ പിറകിലായി കഴിഞ്ഞ ദിവസം പുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി ബോര്‍ഡ് പിഴുതുമാറ്റാന്‍ ശ്രമം നടത്തുകയും സെന്ററിലെ അധ്യാപകരുടെയും ജീവനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പിരിഞ്ഞു പോവുകയുമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പിന്നീട് ചൊവ്വാഴ്ച രാവിലെ ബോര്‍ഡ് പിഴുതു മാറ്റി സമീപത്തെ കാട് പിടിച്ച പ്രദേശത്ത് തള്ളിയ നിലയില്‍ കണ്ടെത്തി.
നിലവില്‍ 44 കോഴ്‌സുകളിലായി ആയിരത്തിലധികം കുട്ടികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും നല്‍കുന്ന ഉന്നത സ്ഥാപനത്തിനെതിരെ ഉണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നതായും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും എസ്ഡിസി ഡയറക്ടര്‍ പ്രഫ. കെ ശ്രീധരനും അറിയിച്ചു.
Next Story

RELATED STORIES

Share it