സ്‌കാനിയ ബസ്സുകള്‍ അന്തര്‍സംസ്ഥാന സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്‌കാനിയ ഗരുഡ മഹാരാജ ബസ്സിന്റെ ആദ്യ അന്തര്‍സംസ്ഥാന സര്‍വീസ് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ചു. ഇന്നലെ വൈകീട്ട് നാലിന് തിരുവനന്തപുരത്തു നിന്നുള്ള മൈസൂരു സ്‌കാനിയ പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ മംഗളൂരു, കോയമ്പത്തൂ ര്‍, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. തമ്പാനൂരില്‍ നിന്ന് വൈകീട്ട് നാലിനു പുറപ്പെടുന്ന മംഗളൂരു സ്‌കാനിയ അടുത്ത ദിവസം രാവിലെ 4.50ന് മംഗളൂരുവിലെത്തും. അന്നു വൈകീട്ട് 5.30ന് മംഗളൂരുവില്‍നിന്നു തിരിച്ചും സര്‍വീസ് നടത്തും. ഈ സര്‍വീസ് തൊട്ടടുത്ത ദിവസം രാവിലെ 6.30ഓടെ തമ്പാനൂരില്‍ തിരിച്ചെത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് വഴിയാണ് സര്‍വീസ്. 861 രൂപയാണ് തിരുവനന്തപുരം- മംഗളൂരു നിരക്ക്.
വൈകീട്ട് ആറിനാണ് കോയമ്പത്തൂര്‍ സര്‍വീസ് തമ്പാനൂരില്‍ നിന്ന് യാത്ര ആരംഭിക്കുക. രാത്രി 11.55ന് കോയമ്പത്തൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. കോയമ്പത്തൂരില്‍നിന്ന് രാവിലെ അഞ്ചിനു മടക്കയാത്ര ആരംഭിക്കുന്ന വണ്ടി ഉച്ചയ്ക്ക് 12.55ന് തമ്പാനൂരില്‍ തിരിച്ചെത്തും. 571 രൂപയാണ് തിരുവനന്തപുരം- കോയമ്പത്തൂര്‍ ചാര്‍ജ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് വഴിയാണ് സര്‍വീസ്. രാത്രി എട്ടിന് തമ്പാനൂരില്‍ നിന്നു പുറപ്പെടുന്ന മൈസൂരു സ്‌കാനിയ അടുത്ത ദിവസം രാവിലെ 8.30ന് മൈസൂരുവിലെത്തും.
അന്നു വൈകീട്ട് 6.45ന് ആരംഭിക്കുന്ന മടക്കയാത്ര തൊട്ടടുത്ത ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്തെത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി വഴി എല്ലാ ദിവസവും സര്‍വീസ് ഉണ്ടാവും. 881 രൂപയാണ് തിരുവനന്തപുരം മൈസൂരു നിരക്ക്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്നതിനായി തിരുവനന്തപുരം- മംഗളൂരു, തിരുവനന്തപുരം- മൈസൂരു റൂട്ടുകളില്‍ രണ്ട് സ്‌കാനിയ ബസ്സുകള്‍ വീതം അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്ന് സര്‍വീസ് നടത്തുന്ന രണ്ടു ബസ്സുകളടക്കം ഏഴ് സ്‌കാനിയ ബസ്സുകളാണ് ഇപ്പോള്‍ സര്‍വീസിലുള്ളത്.
കെഎസ്ആര്‍ടിസിയുടെ ഗരുഡ മഹാരാജ ശ്രേണിയില്‍പ്പെട്ട സ്‌കാനിയ ബസ്സുകളുടെ ആദ്യ സര്‍വീസ് കഴിഞ്ഞ തിങ്കളാഴ്ച ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് ആരംഭിച്ചിരുന്നു. കന്നി യാത്രയില്‍ 56,000 രൂപയുടെ റെക്കോഡ് കലക്ഷനും ഈ സര്‍വീസ് സ്വന്തമാക്കിയിരുന്നു. ഗരുഡ മഹാരാജയുടെ സര്‍വീസുകള്‍ വിഷു ദിനത്തില്‍ ആരംഭിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും പെര്‍മിറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നാലു ദിവസം വൈകി.
ഗരുഡ മഹാരാജ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ സ്‌കാനിയ സര്‍വീസുകളെക്കാള്‍ കുറഞ്ഞ നിരക്കാണ് ഗരുഡ മഹാരാജ സര്‍വീസില്‍ ഇടാക്കുന്നത്. 18 ബസ്സുകളാണ് സ്വീഡിഷ് കമ്പനിയായ സ്‌കാനിയയുമായി കരാര്‍ ഒപ്പിട്ട് കേരള ആര്‍ടിസി വാങ്ങിയിട്ടുള്ളത്. 18 ബസ്സുകളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ശേഷിക്കുന്ന ബസ്സുകള്‍ ഉപയോഗിച്ച് പൂനെ, പോണ്ടിച്ചേരി, പുട്ടപര്‍ത്തി അടക്കമുള്ള സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it