Kottayam Local

സ്‌കാനിങ് സെന്ററില്‍ നോട്ടിന്റെ സീരിയല്‍ നമ്പര്‍ എഴുതി നല്‍കാതെ പണം സ്വീകരിക്കുന്നില്ലെന്ന്‌

കോട്ടയം: നോട്ടിന്റെ സീരിയല്‍ നമ്പര്‍ എഴുതിക്കൊടുക്കാതെ പണം സ്വീകരിക്കുകയില്ലെന്ന അധികൃതരുടെ നിലപാട് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതായി ആക്ഷേപം. കോട്ടയം മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ ഇന്ത്യന്‍ കോഫീ ഹൗസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എംആര്‍ഐ സ്‌കാനിങ് സെന്ററില്‍ സ്‌കാന്‍ ചെയ്ത ശേഷം നല്‍കുന്ന നോട്ടിന്റെ സീരിയല്‍ നമ്പര്‍ എഴുതി നല്‍കുകയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കുകയും വേണമെന്ന സ്‌കാനിങ് സെന്റര്‍ അധികൃതരുടെ നിലപാടാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കഴിഞ്ഞ 20ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് മുന്‍കൂട്ടി അനുവദിച്ച ദിവസം ഡ്യൂട്ടിക്ക് ശേഷം സ്‌കാനിങ്ങിനായെത്തി. എന്നാല്‍ മൂന്നു മണി കഴിഞ്ഞേ പറ്റൂ എന്ന നിലപാട് അധികൃതര്‍ എടുത്തതോടെ ഇവര്‍ വീണ്ടും അഞ്ചോടെ തിരികെ എത്തി സ്‌കാനിങിനു വിധേയമായി. തുടര്‍ന്ന് 100ന്റെ നോട്ടുകളായി 4500 രൂപ ഫീസ് നല്‍കിയപ്പോള്‍ ഈ നോട്ടുകള്‍ സ്വീകരിക്കുകയില്ലെന്ന നിലപാടാണു സ്വീകരിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കോഫീ ഹൗസില്‍ ചെന്ന് രണ്ട് രണ്ടായിരത്തിന്റെയും ഒരു അഞ്ഞൂറിന്റെയും നോട്ടു വാങ്ങിയാണു ഫീസ് നല്‍കിയത്. എന്നാല്‍ നോട്ടിന്റെ സീരിയല്‍ നമ്പറും ഐഡി കാര്‍ഡിന്റ കോപ്പിയും നല്‍കാതെ പണം സ്വീകരിക്കില്ലെന്ന് അധികൃതര്‍ ശഠിച്ചു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയതിനു ശേഷം മാത്രമാണ് പണം സ്വീകരിച്ചത്. പാവപ്പെട്ട നിരവധി രോഗികള്‍ സ്‌കാനിങിനു ശേഷം മാത്രമാണ് ഇത്തരിത്തിലൊരു നിയമത്തെ കുറിച്ച് അറിയുന്നത്. ഇതു പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണെന്നും ഈ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും രോഗികള്‍ ആവശ്യപ്പെടുന്നു. പലതവണ കള്ള നോട്ടുകള്‍ സ്വീകരിക്കേണ്ടി വന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it