Alappuzha

സ്വൗം അഥവാ നോമ്പ്: അര്‍ഥവും പൊരുളും

മൗലാന അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി
സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് ബാധ്യതയാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് ബാധ്യതയാക്കിയിരിക്കുന്നു. നിങ്ങള്‍ ദൈവത്തെ സൂക്ഷിച്ചു ജീവിക്കുന്നതിനു വേണ്ടിയാണത്’’ (അല്‍ബഖറ: 183).
നോമ്പ് എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന സ്വൗം, സ്വിയാം എന്നീ വാക്കുകള്‍ ക്രിയാധാതുവാണ്. എന്തെങ്കിലും സംഗതിയില്‍ നിന്നു വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ എന്തെങ്കിലും ഉപേക്ഷിക്കുക എന്നതിനാണ് സ്വൗം എന്ന് അറബിയില്‍ പറയുന്നത്.
“മതനിയമങ്ങളുടെ മൂലതത്ത്വങ്ങള്‍’ എന്ന കൃതിയില്‍ സ്വൗം എന്ന വാക്കിനെ വിശകലനം ചെയ്തുകൊണ്ട് ഖുര്‍ആന്‍ പണ്ഡിതനായ മൗലാന ഫറാഹി പറയുന്നു: “”ആയാസവേളകളില്‍ കഠിനതകള്‍ സഹിക്കാന്‍ പര്യാപ്തമാകുമാറ് പരിശീലനം നല്‍കാനായി അറബികള്‍ കുതിരകളെയും ഒട്ടകങ്ങളെയും പട്ടിണിക്കിടാറുണ്ടായിരുന്നു.’’
അന്നപാനീയങ്ങളും ലൈംഗിക സമ്പര്‍ക്കവും ഉപേക്ഷിക്കുന്നവനാണ് “സ്വാഇം’ അഥവാ നോമ്പുകാരനെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. ഈ അനുഷ്ഠാനത്തിന് നിയമപരമായ ചില നിബന്ധനകളും പരിധികളുമുണ്ട്.
ഈ ആരാധനാ ചടങ്ങ് നിങ്ങള്‍ക്ക് ആദ്യമായി നിര്‍ബന്ധമാക്കിയതല്ലെന്നും പൂര്‍വസമുദായങ്ങളിലും ഈയൊരു ഉപാസനാരീതി നിലവിലുണ്ടായിരുന്നുവെന്നും കൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ ദൈവികനിയമങ്ങളിലും ഉണ്ടായിരുന്ന ഒരു ശിക്ഷണരീതിയാണിത്. ഇങ്ങനെയൊരു അനുഷ്ഠാനം നിയമമാക്കുമ്പോള്‍ ആളുകളുടെ സാമാന്യപ്രകൃതത്തില്‍ ഉണ്ടാവാനിടയുള്ള വിഭ്രമം ഇല്ലാതാക്കാനാണ് പൂര്‍വികരിലും ഇതു നടപ്പിലുണ്ടായിരുന്നു എന്ന സംഗതി എടുത്തുപറഞ്ഞിരിക്കുന്നത്. ഇതൊരു പുത്തന്‍ നടപടിയല്ല. ദൈവികനിയമങ്ങളില്‍ പണ്ടേക്കു പണ്ടേയുള്ള പൈതൃകത്തിന്റെ ഭാഗമാണ്. ആ പൈതൃകം നിങ്ങളിലേക്കു കൂടി കൈമാറ്റപ്പെടുന്നു എന്നേയുള്ളു. അത് ഏറ്റുവാങ്ങുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്യാന്‍ നിങ്ങളാണ് സര്‍വഥാ അര്‍ഹര്‍.
ഈ അനുഷ്ഠാനത്തിലൂടെ കൈവരിക്കാനുള്ള ലക്ഷ്യത്തെക്കുറിച്ചാണ് “ദൈവത്തെ സൂക്ഷിച്ച് ജീവിക്കുക’ എന്ന വാക്യത്തിലൂടെ ധ്വനിപ്പിക്കുന്നത്. “തഖ്‌വ’യെന്നാണ് ഇതിന് ഉപയോഗിച്ചിരിക്കുന്ന വാക്ക്. ശരീഅത്തിന്റെ മുഴുവന്‍ അടിസ്ഥാനമാണ് “തഖ്‌വ.’ വികാരങ്ങളും അഭിലാഷങ്ങളും നിയന്ത്രിക്കാനുള്ള ശക്തിയും യോഗ്യതയും നേടുന്നതിലൂടെയാണ് “തഖ്‌വ’ സാക്ഷാല്‍കൃതമാവുക. ആ ശക്തി ആര്‍ജിക്കാനുള്ള ഏറ്റവും ഉത്തമമായ ശിക്ഷണരീതിയാണ് നോമ്പ്.
“ഇത് ഏതാനും നാളുകളില്‍ മാത്രമാണ്’ എന്നും തുടര്‍ന്നുള്ള സൂക്തങ്ങളില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അതായത്, വ്രതാനുഷ്ഠാനത്തിന്റെ ക്ലേശം ദീര്‍ഘകാലം നിങ്ങള്‍ വഹിക്കേണ്ടതില്ല എന്നു സാരം. പ്രത്യുത ഒരു വര്‍ഷത്തിനിടയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ നിങ്ങള്‍ക്കത് അനുഷ്ഠിക്കേണ്ടിവരുകയുള്ളൂ. “പൂര്‍വസമുദായങ്ങളില്‍ നിര്‍ബന്ധമാക്കിയപോലെ’ എന്ന വാക്യത്തില്‍ സൂചിപ്പിച്ചവിധം ഉപവാസ കല്‍പനയോടുള്ള മനോഭാവങ്ങളില്‍ ലഘൂകരണം സൃഷ്ടിക്കുക തന്നെയാണ് ഈ സൂക്തത്തിലൂടെയും സാധിതമാവുന്നത്. പ്രവാചകന്‍ എല്ലാ മാസവും മൂന്നു ദിവസം നോമ്പനുഷ്ഠിച്ചിരുന്നെങ്കില്‍ അത് ഐച്ഛിക വ്രതം മാത്രമായിരുന്നു. (തദബ്ബുറെ ഖുര്‍ആനില്‍ നിന്ന്)
Next Story

RELATED STORIES

Share it