സ്വെറ്റ്‌ലാന കുറിച്ചിട്ടതു മനുഷ്യന്റെ വ്യഥകള്‍

സ്‌റ്റോക്‌ഹോം: അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ചേരുവയും ഒത്തിണങ്ങിയതായിരുന്നു സ്വെറ്റ്‌ലാന അലക്‌സേവിച്ചിന്റെ എഴുത്ത്. പുറംചട്ടകളില്‍ ഒതുങ്ങുന്ന ചരിത്രങ്ങള്‍ മാത്രമല്ല, താഴേത്തട്ടിലെ ജനതയുടെ വികാരങ്ങള്‍ കൂടി ഒപ്പിയെടുക്കാന്‍ നന്നേ ശ്രദ്ധിച്ചിരുന്നു അവര്‍. ഓരോ രചനയ്ക്കും ചെലവിട്ടതു മാസങ്ങളും വര്‍ഷങ്ങളും. അതുകൊണ്ടുതന്നെ ജാപ്പനീസ് നോവലിസ്റ്റ് ഹറുകി മുറകാമിയെയും കെനിയന്‍ കഥാകാരന്‍ ഗുഗി വാ തിയോഗോയെയും പിന്നിലാക്കി അവര്‍ക്കു ലഭിച്ച സാഹിത്യ നൊബേല്‍ ആദരവിന്റെ വഴിയിലെ മുഖ്യ അടയാളമാണ്.  1986ല്‍ ഉക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവനിലയത്തിലുണ്ടായ ദുരന്തം പശ്ചാത്തലമാക്കി എഴുതിയ വോയ്‌സ് ഫ്രം ചെര്‍ണോബില്‍, സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാന്‍ യുദ്ധം പ്രമേയമായുള്ള ബോയ്‌സ് ഇന്‍ സിങ്ക് എന്നിവയെല്ലാം ഏറെ കോളിളകം സൃഷ്ടിച്ച രചനകളാണ്. ഭീകരമായ ആണവദുരന്തത്തിന്റെ  വേദനയുടെ വിവരണമായ വോയ്‌സ് ഫ്രം ചെര്‍ണോബില്‍ ഒരു തലമുറയുടെ വികസന കാഴ്ചപ്പാടുതന്നെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. അഫ്ഗാനില്‍ നിന്നു കനത്ത തിരിച്ചടി നേരിട്ട് ശവപ്പെട്ടികളിലെത്തുന്ന സോവിയറ്റ് സൈനികരായിരുന്നു ബോയ്‌സ് ഇന്‍ സിങ്കിന്റെ ഇതിവൃത്തം. റഷ്യയില്‍ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. റഷ്യക്കെതിരായ ആക്രമണമായി പോലും  പുസ്തകം വിലയിരുത്തപ്പെട്ടു. ബലാറസ് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലും സ്വെറ്റ്‌ലാന ഏറെ വേട്ടയാടപ്പെട്ടു.

അവരുടെ ടെലിഫോണുകള്‍ ചോര്‍ത്തിയ ഭരണകൂടം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതിന് നിരോധനമേര്‍പ്പെടുത്തി. 2000 മുതല്‍ പ്രവാസജീവിതത്തിന് നിര്‍ബന്ധിക്കപ്പെട്ട സ്വെറ്റ്‌ലാന ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ 10 വര്‍ഷത്തോളം താമസിച്ചാണ് ബലാറസില്‍ തിരിച്ചെത്തിയത്. ഉക്രെയ്‌നിലെ ഇവാനോ ഫ്രാങ്കിവ്‌സ്‌കില്‍ (പഴയ സ്റ്റാനിസ്‌ലാവ്) 1948ല്‍ ജനിച്ച സ്വെറ്റ്‌ലാന പിന്നീട് അച്ഛന്റെ നാടായ ബലാറസിലേക്കു താമസംമാറുകയായിരുന്നു.  മിന്‍സ്‌ക് സര്‍വകലാശാലയില്‍ നിന്നു ജേണലിസം ബിരുദം നേടി പ്രാദേശിക, ദേശീയ പത്രങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത നൂറോളം സ്ത്രീകളുമായുള്ളഅഭിമുഖത്തിനു ശേഷമാണ് ആദ്യ പുസ്തകം വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് പുറത്തിറക്കിയത്.

1993ല്‍ പുറത്തുവന്ന എന്‍ചാന്റഡ് വിത്ത് ഡെത്ത് സോവിയറ്റ് യൂനിയന്റെ പതനത്തോടെ നിരാശാഭരിതരായി ആത്മഹത്യയില്‍ അഭയം തേടിയവരെക്കുറിച്ചായിരുന്നു.  സ്വീഡനിലെ പെന്‍ പുരസ്‌കാരത്തിനും അവര്‍ അര്‍ഹയായിട്ടുണ്ട്.
Next Story

RELATED STORIES

Share it