World

സ്വിസ് ബാങ്ക്: ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം വര്‍ധിച്ചു

സൂറിച്ച്: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരെയും വെറുതെവിടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം വര്‍ധിക്കുകയാണെന്ന കണക്കുകളുമായി സ്വിസ് നാഷനല്‍ ബാങ്ക് വാര്‍ഷിക റിപോര്‍ട്ട് പുറത്തുവിട്ടത്.
2017ല്‍ മാത്രം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 50.2 ശതമാനം വര്‍ധന ഉണ്ടായെന്നും ഇന്ത്യക്കാരുടേത് മാത്രമായി 7,000 കോടിയോളം രൂപ (1.02 ശതകോടി സ്വിസ് ഫ്രാങ്ക്) വിവിധ സ്വിസ് ബാങ്കുകളിലുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തില്‍ മൂന്നു ശതമാനമാണ് വര്‍ധന. ഇന്ത്യക്കാരുടെ നിക്ഷേപം 2015ല്‍ 45 ശതമാനം ഇടിഞ്ഞ് 4,500 കോടി രൂപയിലെത്തിയിരുന്നു. 2017ല്‍ മാത്രം 3,200 കോടി രൂപയാണ് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളിലിട്ടത്. മറ്റു ബാങ്കുകള്‍ വഴി 1,050 കോടിയും കടപ്പത്രം അടക്കമുള്ള മറ്റു വഴികളിലൂടെ 2,640 കോടി രൂപയും എത്തി.
2006ല്‍ 44,500 കോടി രൂപയായിരുന്നു സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം. ഇന്ത്യയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒഴുകുന്ന കള്ളപ്പണം നിയന്ത്രിക്കുന്നതിന് വിവര കൈമാറ്റ സംവിധാനം ഏര്‍പ്പെടുത്തി മാസങ്ങള്‍ക്കകമാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്.
Next Story

RELATED STORIES

Share it