സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്കെതിരേ അന്വേഷണം തുടങ്ങി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന പ്രോസിക്യൂഷന്‍ നടപടികളുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചുവരുകയാണ്. ഏകദേശം 140ഓളം കമ്പനികളോ വ്യക്തികളോ പ്രതികളായിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
കള്ളപ്പണം സംബന്ധിച്ച കേസില്‍ പ്രത്യേകാന്വേഷണസംഘം(എസ്‌ഐടി) എന്‍ഫോഴ്‌സ്‌മെന്റിനെ സഹായിക്കും. ആദായനികുതി സംബന്ധിച്ച് വിവിധ കോടതികളിലുള്ള കേസുകള്‍ പ്രത്യേകം പരിശോധിക്കാന്‍ നേരത്തേ തന്നെ എസ്‌ഐടി തീരുമാനിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ട മറ്റു ദുരൂഹ ഇടപാടുകളും പരിശോധിക്കും. കേസന്വേഷണത്തിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഉന്നത സാമ്പത്തിക കുറ്റകൃത്യ യൂനിറ്റ് (എഫ്‌ഐയു) ശക്തിപ്പെടുത്തിയിട്ടുണ്ട്. ദുരൂഹമെന്നു തോന്നുന്ന ഇടപാടു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാന്‍ മറ്റ് ഏജന്‍സികള്‍ക്ക് 15 ദിവസം മുതല്‍ 20 ദിവസം വരെ വേണമെങ്കില്‍ എഫ്‌ഐയുവിന് 72 മണിക്കൂര്‍ മതി.
എച്ച്എസ്ബിസി പട്ടികയില്‍ പേരുള്ളവര്‍ വിദേശ വിനിമയ കൈകാര്യ നിയമ(ഫെമ) പ്രകാരം വിചാരണ നേരിടേണ്ടിവരും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്ന കൂടുതല്‍ കടുത്ത വകുപ്പുകളുള്ള പിഎംഎല്‍എ പ്രകാരവും വിചാരണ നേരിടേണ്ടിവരുമെന്നാണ് റിപോര്‍ട്ട്. പട്ടികയില്‍ പേരുള്ളവര്‍ക്കെതിരേ ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) വകുപ്പ് ചുമത്തിയതായും റിപോര്‍ട്ടുണ്ട്. പട്ടികയില്‍ പേരുള്ള, നിലവില്‍ ആദായനികുതി കേസുകളില്‍ ആരോപണവിധേയരായവര്‍ക്കെതിരേ 'ഫെമ' പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിട്ടുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് എച്ച്എസ്ബിസി നേരത്തേ അറിയിച്ചിട്ടുണ്ട്. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മറ്റുള്ള രാജ്യങ്ങളിലെ അന്വേഷണവുമായും ബാങ്ക് സഹകരിക്കുന്നുണ്ട്.
വ്യവസായികളായ അനില്‍ അംബാനി, മുകേഷ് അംബാനി ഉള്‍പ്പെടെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ പേരുവിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. അടുത്തിടെ എച്ച്എസ്ബിസി ബാങ്ക് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പകുതിയോളം അക്കൗണ്ടുകളില്‍ പണമില്ലെന്നും നൂറോളം അക്കൗണ്ടുകള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it