Flash News

സ്വിസ് ഇന്‍ഡോര്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്‌



ബേസല്‍:  ദീര്‍ഘകാലത്തെ പരിക്കും വയസ്സും കളിമികവിന് തടസ്സമാവില്ല എന്ന് തെളിയിച്ചു കൊണ്ട് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ് ഓപണ്‍ ഇന്‍ഡോര്‍ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍  അര്‍ജന്റീനക്കാരന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ വീരചരിതം രചിച്ചത്. സ്‌കോര്‍: 6-7, 6-4, 6-3. വിംബിള്‍ഡണും ആസ്‌ത്രേലിയന്‍ ഓപണും ഉള്‍പ്പെടെ ഈ സീസണില്‍ ഫെഡറര്‍ അക്കൗണ്ടിലാക്കുന്ന ഏഴാം കിരീടമാണ് ഇത്. 2007ല്‍ എട്ട് കിരീടങ്ങള്‍ ചൂടിയതിന് ശേഷം ഫെഡറര്‍ കൂടുതല്‍ കിരീടം നേടുന്ന സീസണ്‍ ഇതാണ്. കൂടാതെ, ഫെഡററുടെ എട്ടാം സ്വിസ് ഇന്‍ഡോര്‍ കിരീടം കൂടിയാണ് ഇത്. ഇതിനു മുമ്പ് 2012ലും 2013ലും സ്വിസ് ഇന്‍ഡോര്‍ ഫൈനലില്‍ ഫെഡററെ അട്ടിമറിയിലുടെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡെല്‍പെട്രോ മല്‍സരിക്കാനെത്തിയത്. എന്നാല്‍ നാട്ടുകാരുടെ മുന്നില്‍ മധുരപ്രതികാരത്തിലൂടെ ലോക രണ്ടാം നമ്പര്‍ താരം കിരീടം തിരിച്ചുപിടിച്ചു. ആദ്യ സെറ്റില്‍ ഇരുവരും  ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മല്‍സരം ടൈബ്രേക്കില്‍ കലാശിച്ചു. തന്ത്രപരമായി ബ്രേക്ക് പോയിന്റുകള്‍ സ്വന്തമാക്കിയ ഡെല്‍പെട്രോ ആദ്യ സെറ്റ് 7-6ന് തന്റെ വരുതിയിലാക്കി. 2012ഉം 13ഉം ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച ഫെഡറര്‍ തകര്‍പ്പന്‍ എയ്‌സിലൂടെയും അട്ടിമറി ബ്രേക്ക് പോയിന്റിലൂടെയും രണ്ടാം സെറ്റ് 6-4ന് സ്വന്തം പേരിലാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ രണ്ടുതവണ പിഴവ് വരുത്തിയത് ഫെഡറര്‍ക്ക് ആദ്യ ഘട്ടത്തില്‍ വിനയായി. എന്നാല്‍ മികച്ച റിട്ടേണിലൂടെ 4-1ന് ഫെഡറര്‍ മുന്നിലെത്തി. ഇതിഹാസ താരത്തെ സമ്മര്‍ദത്തിലാക്കി 5-3 വരെ അര്‍ജന്റീനക്കാരന്‍ പ്രതികാരദാഹിയായെങ്കിലും പിന്നീട് പോയിന്റ് ഉയര്‍ത്തിയത് ഫെഡററായിരുന്നു. 6-3ന് സെറ്റും സ്വന്തമാക്കി കിരീടം ഉറപ്പിക്കാന്‍ ഫെഡറര്‍ക്ക് പിന്നെ അധികസമയം വേണ്ടിവന്നില്ല. ഫെഡററുടെ 95ാം കരിയര്‍ ടൈറ്റിലാണിത്. സ്വിസ് ഓപണ്‍ ഫൈനലിലെത്തിയതോടെ അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ആകെയുള്ള എട്ടു പേരില്‍ അവസാന സ്ഥാനക്കാരനായി ഡെല്‍പെട്രോ യോഗ്യത നേടി.
Next Story

RELATED STORIES

Share it