Flash News

സ്വാശ്രയ മേഖലയിലെ തൊഴില്‍ ചൂഷണം തടയാന്‍ നിയമനിര്‍മാണം ; കരടു ബില്ല് സര്‍ക്കാരിന്റെ പരിഗണനയില്‍



തിരുവനന്തപുരം: സ്വാശ്രയമേഖലയിലെ കടുത്ത തൊഴില്‍ ചൂഷണം അവസാനിപ്പിക്കുന്നതിനും അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുമായി നിയമനിര്‍മാണം നടത്തുന്നതിനുള്ള കരടു ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. നിയമസഭയില്‍ എം രാജഗോപാലന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവില്‍ അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകന് 7000 രൂപയും എച്ച്എസ്എ—ക്ക് 6000 രൂപയും പ്രൈമറി ടീച്ചര്‍ക്ക് 5000 രൂപയും ക്ലാര്‍ക്കിന് 4000 രൂപയും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 3500 രൂപയും മിനിമം വേതനം ഉറപ്പുനല്‍കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ജീവനക്കാര്‍ക്കും അനധ്യാപകര്‍ക്കും സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളം നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിച്ച് 2014ല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന സര്‍വീസിലെ സമാനമായ തസ്തികയില്‍ നല്‍കിവരുന്ന വേതനം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മിനിമം 10,000 രൂപ പ്രതിമാസം നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് കെ കെ ദിനേശന്‍ ചെയര്‍മാനും ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. ആര്‍ വി ജി മേനോന്‍ എന്നിവര്‍ അംഗങ്ങളുമായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മീഷന്‍ നാലു മാസത്തിനുള്ളില്‍ സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it