സ്വാശ്രയ മെഡിക്കല്‍ ഫീസ്: അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് ഹാജരാവും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിക്കാനായി സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് ഹാജരാവുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഫീസ് റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.
അതേസമയം സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം സ്വാശ്രയ പ്രവേശനം താറുമാറാവുകയും പാവപ്പെട്ടവരും സാധാരണക്കാരും സ്വാശ്രയ കോളജുകളില്‍ നിന്ന് പുറത്താവുകയും ചെയ്തത്.
കുട്ടികളെ കൊള്ളയടിക്കുന്നതിനുള്ള നീക്കമാണ് മാനേജ്‌മെന്റുകള്‍ വീണ്ടും നടത്തുന്നത്. അത് ഒരു കാരണവശാലും അനുവദിക്കരുത്.
മുമ്പ് കോടതിയില്‍ കേസ് ഫലപ്രദമായി നടത്താതിരിക്കുകയും എല്ലാ വസ്തുതകളും കോടതിക്ക് മുമ്പാകെ ഹാജരാക്കാതിരിക്കുകയും ചെയ്തതിനാലാണ് പ്രതികൂല വിധിയുണ്ടായത്. ഇക്കാര്യത്തില്‍ കള്ളക്കളിക്ക് തുനിയാതെ ഫലപ്രദമായി കേസ് നടത്തണമെന്നും സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ള തടയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it