Flash News

സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് : മാനേജ്‌മെന്റ്-സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥ അസാധുവാക്കി



കൊച്ചി: ഫീസിന്റെ കാര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാരിന് കരാറില്‍ ഏര്‍പ്പെടാമെന്ന മെഡിക്കല്‍ വിദ്യാഭ്യാസ നിയമത്തിലെ സുപ്രധാന വ്യവസ്ഥ ഹൈക്കോടതി അസാധുവാക്കി. അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍ രൂപം നല്‍കിയ ഫീസ് നിയന്ത്രണ സമിതിക്കാണെന്ന വ്യവസ്ഥ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട 20 ഹരജികളാണ് കോടതി പരിഗണിച്ചത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൃത്യമായി പാലിക്കാന്‍ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ സമയക്രമവും കോടതി നിര്‍ദേശിച്ചു.ഫീസ് നിര്‍ണയത്തിന് സമിതിയെ അധികാരപ്പെടുത്തുന്ന വകുപ്പ് 8(1)(എ)യും വകുപ്പ് പതിനൊന്നും കോടതി ശരിവച്ചു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ അവര്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്ന ഫീസ് സംബന്ധിച്ച ശുപാര്‍ശ സമിതിക്കു നല്‍കണം. ഇത്രയും ഫീസ് ഈടാക്കാനുള്ള സാഹചര്യം വ്യക്തമാക്കുന്ന രേഖകളും സമര്‍പ്പിക്കണം. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മുതല്‍മുടക്ക്, കോഴ്‌സിനും അടിസ്ഥാനസൗകര്യം ഒരുക്കാനുമുള്ള ചെലവുകള്‍, പ്രവര്‍ത്തനച്ചെലവ് എന്നിവ വിലയിരുത്തി സമിതി അന്തിമ ഫീസ് നിശ്ചയിക്കണമെന്നാണ് ഈ വകുപ്പ് പറയുന്നത്. ഇതുപ്രകാരം ന്യായമായ ലാഭം മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്ന തരത്തില്‍ സമിതിക്ക് ഫീസ് നിശ്ചയിക്കാം. ചട്ടമില്ലെന്ന കാരണത്താല്‍ ഇതു പ്രായോഗികമല്ലെന്നു പറയാനാവില്ലെന്നും സമാനമായ സുപ്രിംകോടതി വിധി ഇവിടെയും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട ഫീസ് നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികള്‍ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നടപടികള്‍ നവംബറില്‍ തുടങ്ങി നിയമന നടപടികളടക്കം മാര്‍ച്ച് 15ഓടെ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവേശന നടപടിയുമായി മുന്നോട്ടുപോവണം. പുതിയ സമയക്രമം അനുസരിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് ശുപാര്‍ശയും രേഖകളും നവംബര്‍ 15ന് മുമ്പ് ഫീസ് നിര്‍ണയ സമിതിക്കു നല്‍കണം. മറ്റെന്തെങ്കിലും രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ ഡിസംബര്‍ 15നകം മാനേജ്‌മെന്റുകളോട് സമിതി ആവശ്യപ്പെടണം. ആവശ്യപ്പെട്ട രേഖകള്‍ മാനേജ്‌മെന്റുകള്‍ ഡിസംബര്‍ 30നകം നല്‍കണം. തുടര്‍ന്ന് ഫെബ്രുവരി 15നകം സമിതി അന്തിമ ഫീസ് നിര്‍ണയിക്കണമെന്നാണ് ഉത്തരവ്. തര്‍ക്കങ്ങളും നിയമനടപടികളും ഉള്‍പ്പെടെ പൂര്‍ത്തിയാക്കി മാര്‍ച്ച് 15നകം ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.വിരമിച്ച ജഡ്ജി അധ്യക്ഷനായുള്ള പത്തംഗ ഫീസ് നിര്‍ണയ സമിതിയില്‍ ഇത്രയും പേരെ ഉള്‍പ്പെടുത്തേണ്ടതുണ്ടോഎന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it