Flash News

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പിജി പ്രവേശനം അനിശ്ചിതത്വത്തില്‍



തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പിജി പ്രവേശനത്തില്‍ അവ്യക്തതയും അനിശ്ചിതത്വവും. മെഡിക്കല്‍ പിജി പ്രവേശനം രണ്ടാംഘട്ട ഓണ്‍ലൈന്‍ അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കാനിരിക്കെ ലഭ്യമായ സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചില മാനേജ്‌മെന്റുകള്‍ അറിയിക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം. ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് ഇനിയും വിവരങ്ങള്‍ നല്‍കാനുള്ളത്. സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളജും ഇതില്‍പ്പെടും. ഇന്നു വൈകീട്ട് മൂന്നു വരെയാണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ളത്. ലഭ്യമായ ഓപ്ഷനുകളുടെ അടിസ്ഥാനത്തി ല്‍ 19ന് രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. അലോട്ട്‌മെന്റ് ലഭിച്ച കോളജുകളില്‍ 23നും 25നും ഇടയിലുള്ള ദിവസങ്ങളിലായി വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരിക്കണം. പ്രവേശന സമയക്രമം കമ്മീഷണര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി സഹകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികളും നിലവിലെ അനിശ്ചിതത്വത്തി ല്‍ ആശങ്കയിലാണ്. സീറ്റുകളുടെ കാറ്റഗറി തിരിച്ചുള്ള വിവരങ്ങള്‍ കോളജുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് സമര്‍പ്പിക്കുകയും ആ വിവരങ്ങള്‍ പരിശോധനയ്ക്കുശേഷം പരീക്ഷാ കമ്മീഷണറുടെ ഓഫിസിന് കൈമാറുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍, ചില മാനേജ്‌മെന്റുകള്‍ കാറ്റഗറി തിരിച്ചുള്ള സീറ്റ് വിവരങ്ങള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. 150ഓളം സീറ്റുകളിലെ പ്രവേശനമാണ് അനിശ്ചിതത്വത്തിലായത്. ഓണ്‍ലൈന്‍ വഴി രണ്ടാംഘട്ട അലോട്ട്‌മെന്റിന് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയത്തിനു മുമ്പായി സീറ്റുകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായെങ്കില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് അതും കൂടി പരിഗണിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കൂ. എന്നാല്‍, പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടും മാനേജ്‌മെന്റുകള്‍ മെല്ലെപ്പോക്ക് തുടരുകയാണ്. സര്‍ക്കാര്‍ കോളജുകളിലും ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും മാത്രമാണ് ഇതുവരെ പ്രവേശനം നടന്നത്. എന്നാല്‍, പ്രവേശനം നടത്തേണ്ടത് കമ്മീഷണറുടെ ചുമതലയാണെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. അതേസമയം, സംസ്ഥാനത്തെ പിജി മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടില്ല. മെയ് 31ന് മുമ്പ് പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്താ ന്‍ കഴിയാത്ത സീറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി നികത്തും. ലഭ്യമായ സീറ്റ് വിവരങ്ങള്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ അപേക്ഷകരും വെബ്‌സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കണം. മെയ് 27നാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മെഡിക്കല്‍ പിജി (ക്ലിനിക്കല്‍) 14 ലക്ഷം, മെഡിക്കല്‍ പിജി (നോണ്‍ ക്ലിനിക്കല്‍) 8.5 ലക്ഷം, പിജി ഡിപ്ലോമ (ക്ലിനിക്കല്‍) 10.5 ലക്ഷം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി 18.5 ലക്ഷം, എന്‍ആര്‍ഐ 35 ലക്ഷം എന്നിങ്ങനെയാണ് പുതിയ ഫീസ് നിരക്ക്.
Next Story

RELATED STORIES

Share it