Flash News

സ്വാശ്രയ ഫീസ് നിര്‍ണയം : പുതിയ നിയമയുദ്ധത്തിനു വഴിയൊരുങ്ങും



എന്‍  എ   ശിഹാബ്

തിരുവനന്തപുരം: ജസ്റ്റിസ് ആ ര്‍ രാജേന്ദ്രബാബു കമ്മിറ്റിയുടെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയം പുതിയ നിയമപോരാട്ടത്തിനു വഴിയൊരുക്കും. സംസ്ഥാനത്തെ ആകെ 22 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അഞ്ചു കോളജുകളുടെ ഫീസ് നിരക്കുകളാണ് ഇതിനോടകം കമ്മിറ്റി നിശ്ചയിച്ചത്. നിലവില്‍ കോളജുകള്‍ ഈടാക്കിയ ഫീസ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കാണു സമിതി നിര്‍ദേശിച്ചിരിക്കുന്നത്.  പുതിയ ഫീസ് ഘടനയ്‌ക്കെതിരേ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്് ഫീസ് നിശ്ചയിച്ച മെഡിക്കല്‍ കോളജുകള്‍. നിലവില്‍ കെഎംസിടി, അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ അഞ്ചു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് ഫീസ് നിശ്ചയിച്ചത്. ആവശ്യമെങ്കില്‍ സുപ്രിം കോടതി വരെ കേസിന് പോവുമെന്നും ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ കേസ് കൊടുക്കുമെന്നും കെഎംസിടി മെഡിക്കല്‍ കോളജ് അറിയിച്ചു. കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമത്തിന്റെ 8 (1) (ബി) വകുപ്പ് അനുസരിച്ച് താല്‍ക്കാലിക ഫീസ് നിശ്ചയിച്ച് 90 ദിവസത്തിനകം അന്തിമഫീസ് നിശ്ചയിച്ച് വിജ്ഞാപനം ചെയ്യേണ്ടതാണ്. ജൂലൈ 13നാണു താല്‍ക്കാലിക ഫീസ് നിര്‍ണയിച്ച് വിജ്ഞാപനം ചെയ്തത്. ഒക്ടോബര്‍ 13ന് ഈ കാലാവധി കഴിഞ്ഞു. ഇതില്‍ വീഴ്ചവരുത്തിയതും സര്‍ക്കാരിനു കോടതിയില്‍ തിരിച്ചടിയാവും. നിലവില്‍ എല്ലാ കോളജുകളും 85 ശതമാനം സീറ്റുകളിലേക്ക് അഞ്ചുലക്ഷം രൂപയാണു താല്‍ക്കാലിക ഫീസായി ഈടാക്കിയിരുന്നത്. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയായിരുന്നു താല്‍ക്കാലിക ഫീസ്. ഇതിനെതിരേ കോടതിയെ സമീപിച്ച കോളജുകള്‍ക്ക് ആറു ലക്ഷം രൂപ കൂടി ബാങ്ക് ഗാരന്റിയായി വാങ്ങാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതോടെ പല കോളജുകളും വാര്‍ഷിക ഫീസ് 11 ലക്ഷമാണെന്നു വരുത്തി വിദ്യാര്‍ഥികളില്‍ നിന്ന് ആറു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി കൂടി വാങ്ങിയാണു പ്രവേശനം നടത്തിയത്.ബാങ്ക് ഗാരന്റി വാങ്ങാതെ അഞ്ചു ലക്ഷം രൂപ ട്യൂഷന്‍ ഫീസ് മാത്രം വാങ്ങി പ്രവേശനം നടത്തിയ കോളജുകളുമുണ്ട്. ബാങ്ക് ഗാരന്റിക്കായി സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ഫലപ്രദമായിരുന്നില്ല. വാര്‍ഷിക ഫീസ് 11 ലക്ഷമെന്നു വന്നതോടെ അര്‍ഹരായ പല വിദ്യാര്‍ഥികളും പിന്‍മാറുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ എല്ലാ കോളജുകള്‍ക്കും ഒരേ ഫീസാണ് നിശ്ചയിച്ചിരുന്നത്. ഈ മാസത്തിനകം മുഴുവന്‍ കോളജുകളുടെയും ഫീസ് ഘടന നിര്‍ണയിക്കുമെന്നു ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചിരുന്നു. 15നു മുമ്പ് അഞ്ചു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസെങ്കിലും നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് കമ്മിറ്റി. പല കോളജുകളും അവരുടെ മൂലധനമുടക്കും ലാഭവും വരെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it