malappuram local

സ്വാശ്രയ കോളജ് അധ്യാപകര്‍ ക്യാംപുകളില്‍ പ്രതിഷേധിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ അഞ്ച് ജില്ലകളിലായി നടക്കുന്ന പരീക്ഷാ ക്യാംപുകളില്‍ പ്രതിഷേധിക്കാന്‍ സെല്‍ഫ് - ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മൂല്യനിര്‍ണയ വേതനം കുടിശ്ശികയായവരുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മെയ് മൂന്നുമുതല്‍് ഒരാഴ്ചയാണ് മൂല്യനിര്‍ണയ ക്യാംപ് ആരംഭിക്കുന്നത്.
ആദ്യ രണ്ടുദിവസം പ്രതിഷേധ ദിനമായും മൂന്നാം ദിവസം മുതല്‍ സമ്പൂര്‍ണമായി ക്യാംപ് ബഹിഷ്‌കരിച്ച് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനുമാണ് കണ്‍വന്‍ഷന്‍ തീരുമാനം. മൂല്യനിര്‍ണയ വേതനത്തിന് പുറമെ പരീക്ഷാ നടത്തിപ്പ് ഇനത്തിലും മൂന്ന് വര്‍ഷമായി പലര്‍ക്കും വേതനം ലഭിച്ചിട്ടില്ല. ക്യാംപില്‍ പങ്കെടുക്കേണ്ട പലരെയും അവധിക്കാല ശമ്പളം ലാഭിക്കാന്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. പരീക്ഷാ ഫീസിനത്തില്‍ ഭീമമായ ഫീസാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത്. മുന്‍കാലങ്ങളില്‍ ക്യാംപിന്റെ അവസാന ദിവസം തന്നെ പരീക്ഷാ ചെയര്‍മാന്‍മാര്‍ മുഖേന മുഴുവന്‍ വേതനം നല്‍കുന്നതായിരുന്ന പതിവ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ കീഴ്വഴക്കം സര്‍വകലാശാല പാലിക്കുന്നില്ല. തുച്ഛമായ വേതനം ലഭിക്കുന്ന സ്വാശ്രയ അധ്യാപകര്‍ക്ക് സ്‌പോട്ട് പെയ്‌മെന്റായി വേതനം നല്‍കണമെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സംസ്ഥാന ഖജാഞ്ചി ഡോ.ജോസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it