സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം കരാറായി; കരാര്‍ ഒപ്പുവച്ചത് 98 കോളജുകളുമായി

തിരുവനന്തപുരം: മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി. വിദ്യാഭ്യാസമന്ത്രിയുടെ ചേംബറില്‍ ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണു സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി കരാറില്‍ ഒപ്പിട്ടത്.
എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയില്‍ മിനിമം 10 മാര്‍ക്ക് ലഭിക്കാത്തവരെ മാനേജ്‌മെന്റ് സീറ്റിലേക്ക് പരിഗണിക്കണമെന്ന അസോസിയേഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മാര്‍ക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയില്‍ നിന്ന് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം അനുവദിക്കണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. എന്നാല്‍, പ്രവേശനപ്പരീക്ഷയില്‍ യോഗ്യത നേടാത്തവരെ പരിഗണിക്കില്ലെന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്റെ പിടിവാശിക്കു മുന്നില്‍ മാനേജ്‌മെന്റുകള്‍ വഴങ്ങുകയായിരുന്നു.
അതേസമയം, ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളില്‍ പ്ലസ്ടുവിന് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി വേണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. ആകെ 98 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളാണു സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടത്. കരാറൊപ്പിട്ട 57 കോളജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ 50,000 രൂപയായിരിക്കും ഫീസ്. നേരത്തെ ഈ കോളജുകളില്‍ പകുതി സീറ്റില്‍ 75,000 രൂപയും ബാക്കി പകുതിയില്‍ നിര്‍ധനര്‍ക്ക് 50,000 രൂപയുമായിരുന്നു ഫീസ്. ഇതാണിപ്പോള്‍ ഏകീകരിച്ച് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 50,000 രൂപ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 41 കോളജുകളില്‍ 75,000 രൂപ ഫീസായിരിക്കും ഈടാക്കുക. എന്നാല്‍, ഇവിടെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് 25,000 രൂപ സ്‌കോളര്‍ഷിപ്പായി തിരിച്ചുനല്‍കും. ഇതോടെ ഇവര്‍ക്ക് 50,000 രൂപ മാത്രമായിരിക്കും ഫീസ്.
സ്വാശ്രയ കോളജുകളിലേക്ക് മൂന്ന് അലോട്ട്‌മെന്റുകളാവും നടത്തുക. പട്ടികവിഭാഗങ്ങളുടെയും സംവരണവിഭാഗങ്ങളുടെയും സീറ്റുകള്‍ മെറിറ്റിലേക്കു വകമാറ്റുന്നതിനു മുമ്പ് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ പ്രത്യേക വിജ്ഞാപനമിറക്കി ഇക്കാര്യമറിയിക്കും. സംവരണവിഭാഗങ്ങളിലെ കുട്ടികള്‍ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയെങ്കില്‍ മാത്രമേ സീറ്റുകള്‍ വകമാറ്റുകയുള്ളൂവെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
കരാര്‍ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് മാനേജ്‌മെന്റ് അസോസിയേഷനുമായി മൂന്നുതവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്നലെ രാവിലെ 11നു മുമ്പ് നിലപാട് അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അടിയന്തര നിര്‍വാഹകസമിതി ചേര്‍ന്നാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. സംസ്ഥാന പ്രവേശനപ്പരീക്ഷയ്ക്ക് പുറമെ അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ, സ്വാശ്രയ പ്രവേശനപ്പരീക്ഷകളിന്‍മേല്‍ യോഗ്യത നേടിയവര്‍ക്കും എന്‍ജിനീയറിങ് പ്രവേശനം നേടാം. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തിയിരുന്നു. മാര്‍ക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയില്‍ നിന്നു പ്രവേശനം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയോടും ഇവരുന്നയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെയാണ് പ്ലസ്ടുവിന് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം അസോസിയേഷന്‍ ഉന്നയിച്ചത്. എന്‍ജിനീയറിങ് പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള സമയം 30 വരെ കമ്മീഷണര്‍ നീട്ടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it